ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരു കാരണം മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്ലോഗ് അടച്ചുപൂട്ടി. ഒട്ടുമിക്ക സോഷ്യല്‍ മീഡിയയില്‍ നിന്നും പുറത്തായതിനെ തുടര്‍ന്നാണ് വെബ്‌സൈറ്റില്‍ ബ്ലോഗ് ആരംഭിച്ചത്. ഇത് തുടങ്ങിയിട്ട് വെറും ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളു. അതിനിടയ്ക്കാണ് അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതിനോട് ട്രംപ് പ്രതികരിച്ചിട്ടില്ല. ബ്ലോഗില്‍ കാര്യമായ ഉള്ളടക്കമില്ലായിരുന്നുവെങ്കിലും അനുയായികളോട് നേരിട്ട് സംവദിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഇത് ആരംഭിച്ചത്. എന്നാല്‍, ഇവിടെയും പൂട്ടു വീണതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനനേതാവിന് പുതിയ വഴി തേടേണ്ട അവസ്ഥയിലാണ്. സംഭവത്തോട് പാര്‍ട്ടിയും ഇതുവരെ പ്രതികരണമൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഡെമോക്രാറ്റ് അനുഭാവ മാധ്യമങ്ങള്‍ സംഭവം കൊഴുപ്പിച്ചിട്ടുണ്ട്.

ട്വിറ്റര്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയയില്‍ നിന്നും മുഖം നഷ്ടപ്പെട്ട ട്രംപിന് ഇപ്പോള്‍ ജനകീയ സോഷ്യല്‍ മീഡിയ ബ്ലോഗ് കൂടി നഷ്ടപ്പെടുന്നത് കാര്യമായ പിന്തുണ നഷ്ടപ്പെടുത്തും എന്നുള്ളത് ഉറപ്പാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുണ്ടോ എന്നതില്‍ എവിടെ നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. പ്രമുഖമായ എല്ലാ സോഷ്യല്‍ ആപ്ലിക്കേഷനില്‍ നിന്നും ട്രംപിനെ പുറത്താക്കിയതോടെയാണ് ബ്ലോഗ് ആരംഭിച്ചത്. ഇത്തരത്തില്‍ ഒരു പ്രതിസന്ധി നേരിടേണ്ടി വരുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ് കൂടിയാണ് ട്രംപ്. തുടങ്ങി ഒരു മാസത്തിനുള്ളില്‍ തന്നെ ബ്ലോഗ് മാറ്റേണ്ടി വന്ന അവസ്ഥ അദ്ദേഹത്തിന് പാര്‍ട്ടിക്കുള്ളില്‍ തന്നെ മോശം പ്രതിഛായ സൃഷ്ടിക്കും. അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും ഇതു നീക്കംചെയ്തിട്ടുണ്ട്. ജനുവരി ആറിന് നടന്ന ക്യാപിറ്റല്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ട്രംപിനെ വിലക്കിയിരുന്നു. അദ്ദേഹത്തെ തോല്‍വിയിലേക്ക് നയിച്ച പ്രതിസന്ധികള്‍ അവലോകനം ചെയ്യുമ്പോള്‍ വ്യാജമായി ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പ്രസിഡന്റിന്റെ സത്‌പേരിന് കോട്ടം തട്ടിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. ട്രംപിനെ നിരോധിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയാലും പിന്നീട് കൂടുതല്‍ അക്രമത്തിന് കാരണമാകുമെന്ന് ആശങ്കപ്പെട്ടിരുന്നു. അതു കൊണ്ട് തന്നെ ബൈഡന്‍ ഇപ്പോള്‍ ടോപ് ഗിയറില്‍ മുന്നേറുന്നതെന്നും കരുതണം. ബൈഡന്റെ ഒരു നീക്കത്തെയും പ്രതിരോധിക്കാന്‍ ട്രംപിന് ആയുധമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ട്രംപിന്റെ മുതിര്‍ന്ന സഹായി ജേസണ്‍ മില്ലറായിരുന്നു സോഷ്യല്‍ മീഡിയ കാര്യങ്ങളുടെ തലവന്‍. ഇപ്പോഴത്തെ ബ്ലോഗ് ഷട്ട്ഡൗണ്‍ ചെയ്യുന്നത് ഒരു പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ചേരുന്നതിന് മുന്നോടിയാണെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും ആരും ഇത് വിശ്വസിക്കുന്നില്ല. ഗൂഗിള്‍ മാത്രമാണ് ട്രംപിനെ മോശക്കാരനാക്കാതിരുന്നത്. എന്നാല്‍ അവരുടെ യുട്യൂബില്‍ നിന്നു പോലും ട്രംപിന് തിരിച്ചടി നേരിട്ടിരുന്നു. ജനുവരിയിലെ നിരോധനത്തിന് മുമ്പായി ട്വിറ്റര്‍, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ് എന്നിവയില്‍ ദശലക്ഷക്കണക്കിന് അനുയായികളാണ് ട്രംപിന് ഉണ്ടായിരുന്നു. ജനുവരി ആറിന് ശേഷമുള്ള കലാപത്തിന് ശേഷമുള്ള അധിക അക്രമ സാധ്യതകള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ട്രംപിനെ രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അനിശ്ചിതമായി സസ്‌പെന്‍ഡ് ചെയ്തു. ഇത് അദ്ദേഹത്തിന്റെ റാലികളിലും കണ്‍വന്‍ഷനുകളിലും പ്രതിഫലിക്കുകയും ചെയ്തു.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ട്രംപിന്റെ ട്വീറ്റിന് വലിയ വിലയാണ് നല്‍കിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം തുടങ്ങിയ ബ്ലോഗിന് അത്ര കാര്യമായ ഫോളവേഴ്‌സ് ഇല്ലായിരുന്നുവെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, അദ്ദേഹത്തിന്റെ മുന്‍ അനുയായികള്‍ക്കെല്ലാം തന്നെ കാര്യമായ ബ്ലോഗ് വായനക്കാരുണ്ടായിരുന്നു താനും. പക്ഷേ യുഎസ് മുന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വര്‍ത്തമാനങ്ങള്‍ എന്ന നിലയ്ക്ക് അതിനു കാര്യമായ വായനക്കാര്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ അത് അടച്ചുപൂട്ടിയതോടെ ചിത്രമെഴുതാന്‍ ഭിത്തിയില്ലാത്ത അവസ്ഥയാണ് ട്രംപിന് ഉള്ളത്.

പദവിയില്‍ നിന്നുള്ള ഏറ്റവും പുതിയ പ്രസ്താവനകളും ഹൈലൈറ്റുകളും തന്റെ അനുയായികള്‍ക്കു നല്‍കാനുള്ള ഒരു മികച്ച പ്ലാറ്റ്‌ഫോമാണ് ഈ ബ്ലോഗ് എന്നാണ് ഇതിന്റെ ചുമതലക്കാരനായ മില്ലര്‍ ബ്ലോഗ് ലോഞ്ചിങ് സമയത്ത് കുറിച്ചിരുന്നത്. എന്നാല്‍, ഇത്രവേഗം അതിന്റെ ഷട്ടര്‍ താഴ്‌ത്തേണ്ടി വരുമെന്നു മില്ലര്‍ പോലും കരുതിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ട്രംപിന്റെ വെബ്‌സൈറ്റിന്റെ ഉപവിഭാഗമായിരുന്നു ഈ ബ്ലോഗ്. അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ ലൈവ് ആപ്പുകളിലൊന്നായിരുന്നു അത്. ട്രംപിന്റെ ഒരു വീഡിയോയും ഡെമോക്രാറ്റുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില സ്വതന്ത്ര അഭിപ്രായങ്ങളും മാത്രമാണ് ഇതിലുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം, യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പാണ് ട്രംപിനെ ട്വിറ്റര്‍ നിരവധി തവണ താക്കീത് നല്‍കിയത്. തിരഞ്ഞെടുപ്പ് ബാലറ്റ് സമ്പ്രദായത്തില്‍ പിഴവുണ്ടെന്നും കാര്യങ്ങള്‍ തെറ്റായ വഴിക്കാണ് മുന്നേറുന്നതെന്നും ട്രംപിന്റെ നിരന്തരം ട്വീറ്റ് ചെയ്തതോടെ ജനുവരി 8 ന് ട്വിറ്റര്‍ സ്ഥിരമായി അദ്ദേഹത്തിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഇതു വലിയ വിവാദമായെങ്കിലും ട്വിറ്റര്‍ അയഞ്ഞില്ല. നിരോധിക്കുന്ന കാലത്ത് അദ്ദേഹത്തിന് 88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ഉണ്ടായിരുന്നത്. ദശലക്ഷക്കണക്കിന് അനുയായികളുണ്ടായിരുന്ന സ്‌നാപ്ചാറ്റ്, യൂട്യൂബ് എന്നിവയും ട്രംപിന്റെ രക്ഷയ്ക്ക് വന്നില്ല. ഇവയില്ലെല്ലാം തന്നെ അവരുടെ പോളിസി വയലേഷനുകളാണ് ഉണ്ടായിരുന്നത്. അതു കൊണ്ട് തന്നെ നടപടി സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അദ്ദേഹത്തിന്റെ അക്കൗണ്ട് നിരോധിക്കുകയോ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുകയോ ചെയ്തതിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപ് തന്നെയും രംഗത്ത് വന്നെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.