കൊവിഡ് പശ്ചാത്തലത്തിൽ മരുന്ന് നിർമ്മാണമേഖലയിലും കടുത്ത പ്രതിസന്ധി. കൊവിഡ് രോഗികൾക്കടക്കം ഉപയോഗിക്കുന്ന മരുന്നുകളുടെ അസംസ്കൃത വസ്തുക്കൾക്ക് തീവിലയാണ് നിലവിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ 40% മുതൽ 200 ശതമാനം വരെയാണ് വില കൂടിയത്.

ഹോൾസെയിൽ മാർക്കറ്റിൽ മാർച്ച് 21ന് 18000 രൂപ വിലയുണ്ടായിരുന്ന ഐവർമെക്റ്റിൻ ടാബ്ലറ്റിന് ഒരു മാസം പിന്നിടുമ്പോൾ വില 54000 രൂപ. ഏതാണ്ട് 200 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 81000 രൂപ മാത്രം വിലയുള്ള മെറോപെനം ഇൻജക്ഷൻ 140000 രൂപയിലേക്കെത്തി. 550 രൂപയുടെ പാരസെറ്റാമോൾ പാക്കറ്റ് 800 രൂപയും, 7500 രൂപയുണ്ടായിരുന്ന ഡോക്സിസൈക്ലിൻ 12000 രൂപയുമായി. അതായത് കഴിഞ്ഞ ഒരുമാസത്തിനിടെ ഓരോ വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ അസംസ്കൃത വസ്തുക്കൾക്കും 40 മുതൽ 200 ശതമാനം വരെ വില കൂടിയെന്ന് ചുരുക്കം.

ചൈനയിൽ നിന്നും അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിലെ നിയന്ത്രണമാണ് പ്രശ്ന കാരണം. നിലവിൽ സർക്കാർ നിയന്ത്രണം ഉള്ളതിനാൽ പൊതുവിപണിയെ വില കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ പ്രതിസന്ധി തുടരുന്ന പക്ഷം ഉത്പാദനം നിർത്താൻ ഫാർമ കമ്പനികൾ നിർബന്ധിതരാകും. ഇതിനിടെ ഓക്സിജൻ കോൺസൻട്രേറ്ററുകൾക്കും മാർക്കറ്റിൽ തീവിലയാണ് ഈടാക്കുന്നത്. 35000 മുതൽ 1ലക്ഷം വരെയാണ് നിലവിലെ നിരക്ക്.