മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴനടുത്ത് അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിച്ചത്.

കോട്ടയത്ത് ഒരാളും മൂവാറ്റുപുഴയില്‍ രണ്ട് പേരുമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. കോട്ടയം പാലാ തിടനാടിനടുത്ത് പൂവത്തോട് സ്വദേശിയായ ബാബു ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ബാബുവിന് വീടിന് മുന്നില്‍ വച്ചാണ് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റെനിയാണ് ബാബുവിന്‍റെ ഭാര്യ. മക്കള്‍ റിയ, അനില്‍, അലക്സ്. –

മൂവാറ്റുപുഴയ്ക്കടുത്ത് ആട്ടായത്താണ് ഞായറാഴ്ച വൈകിട്ടോടെ ഇടിമിന്നല്‍ അപകടമുണ്ടായത്. തടിപ്പണിക്കാരായ ഒരു സംഘം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ശക്തമായ ഇടിയും മഴയും മൂലം റബര്‍ തോട്ടത്തിനുള്ളിലെ ഷെഡില്‍ കയറിനിന്നപ്പോഴാണ് മിന്നലേറ്റത്. എല്ലാവരെയും ഉടന്‍ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ അന്നു തന്നെ മരിച്ചു. ഗുരുതര പൊള്ളലേറ്റ ജിജോ (42) എന്നയാളെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ; പ്രതിഭ മക്കള്‍: നെവിന്‍, നെല്‍വിന്‍.

ഇവര്‍ക്കൊപ്പം മിന്നലേറ്റ ഈസ്റ്റ് വാഴപ്പിള്ളി സ്വദേശികളായ മഠത്തിക്കുന്നേല്‍ ജോജോ എം.എം (36),ജിജി എം എം (39),പാപ്പനേത്ത് നിതീഷ് കുമാര്‍ (29),തെരുവംകുന്നേല്‍ ജോബി (40),വാഴക്കാലയില്‍ രാജു (52) എന്നിവര്‍ ചികിത്സയിലാണ്.

അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മെയ് 13 വരെ 30 – 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മിന്നലേറ്റുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

പൊതു നിര്‍ദ്ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്ബിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌.

വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

പട്ടം പറത്തുവാന്‍ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്‌. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്‌

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.