കോട്ടയം: കേരളത്തില്‍ ബിജെപിക്ക് വളരാനുള്ള സാഹചര്യമുണ്ടെന്ന് വെളിപ്പെടുത്തി പിസി ജോര്‍ജ്. അവര്‍ക്ക് ചെറിയ കാര്യങ്ങള്‍ പരിഹരിക്കാനായാല്‍ ഒരുപാട് മുന്നോട്ട് പോകാനാവുമെന്നും അദ്ദേഹം പറയുന്നു. ബിജെപി കുറച്ച്‌ കൂടി ഉത്തരവാദിത്ത്വത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ജോര്‍ജ് വ്യക്തമാക്കി. കോണ്‍ഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടാണ്. അവര്‍ ഇനിയെങ്കിലും നന്നായാല്‍ കൊള്ളാം എന്ന് മാത്രമാണ് പറയാനുള്ളത്. ഉമ്മന്‍ ചാണ്ടിയെ കൊണ്ട് ഇനി ഒന്നിനും പറ്റില്ല. കോണ്‍ഗ്രസിന് ആവശ്യം ശക്തമായ നേതൃത്വമാണെന്നും ജോര്‍ജ് പറയുന്നു.

അതേസമയം പിസി ജോര്‍ജ് മുന്നണി രാഷ്ട്രീയത്തിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇനിയും ഒറ്റയാനായി തുടരുന്നത് വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. യുഡിഎഫിലെ പുതിയ നേതൃത്വം തന്നെ സ്വാഗതം ചെയ്താല്‍ മുന്നണിയിലേക്ക് വരുമെന്നും ജോര്‍ജ് പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ ഒപ്പം കൂട്ടാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് എന്‍ഡിഎയിലേക്കും പോകാനായി ജോര്‍ജ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇരുമുന്നണികളും തോല്‍വിയുടെ ആഘാതത്തിലായതിനാല്‍ പുതിയൊരു സഖ്യകക്ഷിയെ കൂടെ കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടേയില്ല.

അതേസമയം ബിജെപിക്ക് സംസ്ഥാനത്ത് കോര്‍ഡിനേഷന്റെ കുറവാണ് ഉള്ളതെന്ന് ജോര്‍ജ് പറയുന്നു. വോട്ട് ചോരാന്‍ കാരണം അതാണെന്ന് ഞാന്‍ കരുതുന്നു. ബിജെപിക്ക് കേരളത്തില്‍ വളരാനുള്ള സാഹചര്യമുണ്ട്. കൂടുതല്‍ ഉത്തരവാദിത്തത്തോടെ അവര്‍ പ്രവര്‍ത്തിക്കണമെന്നും ജോര്‍ജ് നിര്‍ദേശിച്ചു. ജനപക്ഷം പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷ നിരയിലെ അതിശക്തനായ നേതാവായി മാറുകയാണ് ജോര്‍ജ് ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞ് പൂഞ്ഞാറില്‍ തിരിച്ചുവരാനും ജനപക്ഷത്തെ ഒന്നിലേറെ സീറ്റുകളുള്ള പാര്‍ട്ടിയായി മാറ്റാനുമാണ് ജോര്‍ജ് ലക്ഷ്യമിടുന്നത്.

താന്‍ എംഎല്‍എ ആയിരുന്നതിനേകാള്‍ കൂടുതല്‍ ശക്തിയോടെ സമയമെടുത്ത് പ്രവര്‍ത്തിക്കും. കേരളത്തിലെ സര്‍ക്കാരിനെ ശരിയുടെ പാതിയിലേക്ക് നയിക്കാനുള്ള ഇടപെടല്‍ തന്റെ ഭാഗത്ത് നിന്നുണ്ടാവും. വെറുതെ ഭരിച്ച്‌ പോകാമെന്ന് ആരും കരുതേണ്ട. ഭൂരിപക്ഷമുണ്ടെന്ന് കരുതി ആരെയും കക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് ജോര്‍ജ് വ്യക്തമാക്കി. പൂഞ്ഞാറില്‍ പരാജയപ്പെട്ടെന്ന് കരുതി, തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്‍മാറാന്‍ ഉദ്ദേശമില്ല. പൊതുപ്രവര്‍ത്തനത്തിന് എംപിയും എംഎല്‍എയും ആകേണ്ട കാര്യമില്ലെന്നും ജോര്‍ജ് പറഞ്ഞു. മികച്ച പ്രതിപക്ഷ നേതാക്കളിലൊരാളായാല്‍ ഏത് മുന്നണിയിലും കയറി പറ്റാനാവുമെന്ന് ജോര്‍ജ് കരുതുന്നുണ്ട്.