തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് ചെലവായ പണം പൂര്‍ണ്ണമായും അടയ്ക്കാത്തിന്റ പേരില്‍ കോവിഡ് രോഗിയുടെ മൃതദേഹം തടഞ്ഞുവെച്ച സ്വകാര്യ ആശുപത്രിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കാണ് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് സ്വകാര്യ ആശുപത്രി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ പിടിച്ചു വെച്ചത്.

മൃതദേഹം നല്‍കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്നായിരുന്നു സ്വകാര്യ ആശുപത്രി അധികൃതരുടെ ആവശ്യം. മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ആശുപത്രി അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഷാജഹാന്റെ സഹോദരന്‍ നിസാര്‍ ഡി.എം.ഒ.ക്കു പരാതി നല്‍കിയതോടെയാണ് മൃതദേഹം വിട്ടു നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. തുടര്‍ന്ന് കളക്ടര്‍ ആശുപത്രി മാനേജ്‌മെന്റിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ ആശുപത്രിക്കെതിരെ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.