രാജ്യത്തെ അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് ലോക്ക് ഡൗണ്‍, കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളും നീട്ടി. മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസ് ഇന്ന് നാലു ലക്ഷം കടന്നേക്കും. മരണസംഖ്യയും ഉയരുകയാണ്. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കേസില്‍ മുന്നിട്ടുനില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ 57, 640 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 920 പേര്‍ മരിച്ചു.സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. നാസിക്കില്‍ മാത്രം നൂറിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയിലും പ്രതിദിന രോഗികള്‍ അര ലക്ഷം കടന്നു. 50,112 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. മഹാരാഷ്ട്രയ്ക്ക് ശേഷം പ്രതിദിന രോഗികള്‍ അരലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കര്‍ണാടക. ബംഗളൂരുവില്‍ സ്ഥിതി അതി ഗുരുതരമായി തുടരുന്നു. ബംഗളൂരുവില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗികള്‍ ഇരുപതിനായിരത്തിന് മുകളിലാണ്.

പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍, കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളും നീട്ടി.