സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല്‍പതിനായിരം കടന്നതോടെ കൂടുതല്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടാന്‍ ആലോചിച്ച് സര്‍ക്കാര്‍. എറണാകുളത്തിനും കോഴിക്കോടിനും പിന്നാലെ മറ്റു ജില്ലകളിലും നിയന്ത്രണം കടുപ്പിക്കും. നിലവില്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടാനും സാധ്യതയുണ്ട്.

അതേസമയം പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ ബെഡുകളും നിറയുകയാണ്. നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ പ്രതിസന്ധി ഇല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വരും ദിവസങ്ങളില്‍ സാഹചര്യം വഷളാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം സംസ്ഥാന തല ഓക്‌സിജന്‍ വാര്‍ റൂം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 41,953 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.