ന്യൂഡല്‍ഹി: ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ പലസംസ്ഥാനങ്ങളും ചക്രശ്വാസം വലിക്കുമ്ബോള്‍ അതിന് അപവാദമാവുകയാണ് കേരളം. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജന്‍ കരുതുന്നതിനൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യാനുസരണം നല്‍കാനും കേരളത്തിന് കഴിയുന്നുണ്ട്. ഗോവയിലേക്ക് 20,000 ലിറ്റര്‍ ദ്രവ ഓക്‌സിജനാണ് കേരളം നല്‍കിയത്. തമിഴ്നാട്, കര്‍ണാടകം, ലക്ഷദ്വീപ് തുടങ്ങിയിടങ്ങളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് സംസ്ഥാനത്തെ ഓക്‌സിജന്‍ വിതരണത്തിലുള്ള നോഡല്‍ ഓഫീസര്‍ ആര്‍ വേണുഗോപാല്‍ പറയുന്നത്. ഓക്‌സിജന്‍ ഉത്പാദനവും കൂട്ടിയിട്ടുണ്ട്. 2020 ഏപ്രിലില്‍ മിനിട്ടില്‍ 50 ലിറ്റര്‍ ഓക്‌സിജനാണ് ഉത്പാദിപ്പിച്ചിരുന്നതെങ്കില്‍ ഈവര്‍ഷം അത് 1250 ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കിയ കൊവിഡ് വാക്സിന്‍ ഒരുതുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനം കേരളമായിരുന്നു. വിവരാവകാശ രേഖയിലൂടെ ഇക്കാര്യം വ്യക്തമായത്. ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉപയോഗശൂന്യമായത്. വാക്‌സിന്റെ ഒരു വയലില്‍ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ ഇതുമുഴുവന്‍ ഉപയോഗിക്കണം. ഇല്ലെങ്കില്‍ ഉപയോഗശൂന്യമാകും. 44.78 ലക്ഷം ഡോസുകളാണ് മറ്റുസംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗശൂന്യമായത് റിപ്പോര്‍ട്ട്. ഏപ്രില്‍ 11 വരെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത് 10.34 കോടി ഡോസ് വാക്‌സിനുകളാണ്.