കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്‌ വിമാനം അപായ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ അടിയന്തരമായി തിരിച്ചിറക്കി. കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്‌ ഐഎക്സ് 934 വിമാനമാണ്‌ കാര്‍ഗോ ഭാഗത്ത്‌ തീപിടിത്തം സൂചിപ്പിക്കുന്ന അപായ സൈറണുകള്‍ മുഴങ്ങിയതിനെ തുടര്‍ന്ന്‌ സുരക്ഷിതമായി തിരിച്ചിറക്കിയത്‌.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ്‌ സംഭവം. 15 യാത്രക്കാരും ആറ്‌ ജീവനക്കാരുമായി രാവിലെ 8.37നാണ് വിമാനം കരിപ്പുര്‍ റണ്‍വേ വിട്ടത്. 15 മിനിറ്റോളം പറന്നപ്പോള്‍ കാര്‍ഗോ ഭാഗത്തുനിന്ന്‌ തീപിടിത്തത്തെ സൂചിപ്പിക്കുന്ന സൈറണ്‍ മുഴങ്ങി. അറബിക്കടലിനുമുകളില്‍ 15,000 അടി ഉയരത്തിലായിരുന്നു അപ്പോള്‍ വിമാനം. തുടര്‍ന്ന് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗ (എടിസി)ത്തോട്‌ പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടി. ഉടന്‍ നടപടി സ്വീകരിച്ച എടിസി റണ്‍വേ ഒഴിപ്പിച്ചു. അഗ്നിശമന സേനയ്‌ക്കും അത്യാഹിത വിഭാഗങ്ങള്‍ക്കും മുന്നറിയിപ്പും നല്‍കി. വിമാനത്താവള ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പും അടിയന്തര യോഗം ചേര്‍ന്നു. ആശങ്കകള്‍ക്കിടെ 9.10ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.

റണ്‍വേയില്‍നിന്ന് മാറ്റിയിട്ട വിമാനം വിദഗ്‌ധ സംഘം പരിശോധിച്ചു. പച്ചക്കറിയായിരുന്നു കാര്‍ഗോയില്‍ ഏറെയും. വിമാനത്തില്‍ കയറ്റിയ കറിവേപ്പില പെട്ടികളിലെ മര്‍ദം കൂടി അഗ്നിശമന സംവിധാനത്തിന്റെ സെന്‍സറുകളില്‍ സ്പര്‍ശിച്ചതാകാം മുന്നറിയിപ്പ്‌ സൈറണ്‍ മുഴങ്ങാന്‍ കാരണമെന്നാണ് നിഗമനം.2020 ആഗസ്‌ത്‌ ഏഴിന് കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ട് 21 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.