കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനിലെ മുഴുവന്‍ ആശുപത്രികളിലെയും ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇത് സംബന്ധിച്ച്‌ രാജ്യത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും മന്ത്രാലയം നോട്ടീസ് നല്‍കി.

കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അഡ്മിറ്റ് ചെയ്യല്‍ ആവശ്യമായ സര്‍ജിക്കലും നോണ്‍ സര്‍ജിക്കലുമായ മുഴുവന്‍ ശസ്ത്രക്രിയകളും മാറ്റിവെക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ സിസേറിയന്‍ അടക്കമുള്ള അത്യാവശ്യ ശസ്ത്രക്രിയകള്‍ക്ക് ഇളവനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ 11മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് ഉത്തരവ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സമാനമായ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.