മിസിസ് ശ്രീലങ്ക വേള്‍ഡ് മത്സരത്തില്‍ വിജയിയായ സുന്ദരിയുടെ കിരീടം തട്ടിപ്പറിച്ച മിസിസ് വേള്‍ഡും കൂട്ടാളിയായ ശ്രീലങ്കന്‍ മോഡലും അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷത്തെ മിസിസ് ശ്രീലങ്ക കൂടിയായ മിസിസ് വേള്‍ഡ് കരലൈന്‍ ജൂരിയും മോഡല്‍ ചൂല പദ്‌മേന്ദ്രയുമാണു മത്സരവേദിക്കു നാശനഷ്ട വരുത്തിയതിന് അറസ്റ്റിലായത്. ജാമ്യത്തില്‍ വിട്ടയച്ച ഇരുവരും 19നു കോടതിയില്‍ ഹാജരാകണം.

ഞായറാഴ്ച നടന്ന അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഒന്നാം സ്ഥാനം നേടിയ പുഷ്പികയെ കിരീടം ചൂടിക്കാനായി 2019ലെ വിജയി കാരോലിന്‍ ജ്യൂറി സ്റ്റേജിലെത്തിയിരുന്നു. വിവാഹമോചിതരായവര്‍ മത്സരത്തില്‍ പങ്കെടുക്കരുതെന്ന നിയമമുണ്ടെന്നും പുഷ്പിക വിവാഹമോചിതയാണെന്നും അതുകൊണ്ട് താന്‍ കിരീടം തിരിച്ചെടുക്കുകയാണെന്നും കരോലിന്‍ വേദിയില്‍ വെച്ച്‌ പ്രഖ്യാപിച്ചു. തുടര്‍ന്ന് കിരീടം രണ്ടാം സ്ഥാനത്ത് എത്തിയയാള്‍ക്ക് നല്‍കുകയും ചെയ്തു.

കിരീടം ഊരിയെടുക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ പുഷ്പികയ്ക്ക് പരിക്കേറ്റു. താന്‍ വേര്‍പ്പിരിഞ്ഞു കഴിയുകയാണെന്നും അല്ലാതെ വിവാഹമോചനം നേടിയിട്ടില്ലെന്നും പുഷ്പിക അറിയിച്ചു. ഇത് കേള്‍ക്കാന്‍ കരോലിന്‍ സമ്മതിക്കാതിരുന്നതോടെ പുഷ്പിക വേദിയില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി. എന്നാല്‍, പുഷ്പിക ഭര്‍ത്താവുമായി അകന്നു കഴിയുകയാണെങ്കിലും വിവാഹമോചിതയല്ല എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു സംഘാടകര്‍ മാപ്പു ചോദിക്കുകയും കിരീടം തിരികെ നല്‍കുകയും ചെയ്തിരുന്നു.