പേഴ്സിവിയറൻസ് റോവറിനൊപ്പം ചൊവ്വയിലെത്തിയ ‘ഇൻജെന്യുയിറ്റി’ എന്ന കുഞ്ഞൻ ഹെലികോപ്റ്റർ ഏപ്രിൽ 11 നു പറത്താൻ നാസ പദ്ധതിയിടുന്നു. റോവറിനുള്ളിലായിരുന്ന ഹെലികോപ്റ്റർ പറക്കാൻ തയ്യാറെടുത്ത് ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി നിൽക്കുകയാണ്.

19 ഇഞ്ച് ഉയരവും 1.8 കിലോഗ്രാം ഭാരവുമുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്റർ സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വയർലെസ് ആശയവിനിമയ സംവിധാനം, 2400 ആർ.പി.എമ്മിൽ കറങ്ങുന്ന കൗണ്ടർറൊട്ടേറ്റിങ് ബ്ലേഡുകൾ, കമ്പ്യൂട്ടർ നാവിഗേഷൻ സെൻസറുകൾ, രണ്ട് ക്യാമറകൾ എന്നിവ ഇൻജെന്യുയിറ്റിയിൽ ഘടിപ്പിച്ചിരിക്കുന്നു. പേഴ്സിവിയറൻസിൽ ഘടിപ്പിച്ച ഇൻജെന്യുയിറ്റി ഹെലികോപ്റ്റർ പ്രവർത്തിക്കാൻ തുടങ്ങിയാൽ ചൊവ്വയുടെ ഇതുവരെ കാണാത്ത ആകാശ ദൃശ്യങ്ങൾ ഭൂമിയിലെത്തിയേക്കും.