തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശപ്പോരിനായി കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ വരവേല്പ്. ക്രിക്കറ്റിനായി കേരളമൊരുക്കിയ സ്റ്റേഡിയത്തില്‍ ആദ്യമായാണ് രാഷ്ട്രീയറാലി നടക്കുന്നത്.

ഒരു സൂപ്പര്‍താരത്തിന്റെ മട്ടിലും ഭാവത്തിലുമാണ് പ്രവര്‍ത്തകര്‍ മോദിയെ വരവേറ്റത്. മൊബൈല്‍ ഫോണിന്റെ ഫ്ളാഷ് ലൈറ്റ് മിന്നിച്ചും പാര്‍ട്ടിക്കൊടി കൊണ്ട് മെക്സിക്കന്‍ വേവ് തീര്‍ത്തും കാവി സ്യൂട്ടിട്ട് ഗ്രൗണ്ട് പരേഡ് നടത്തിയും “മോഡി ഹാര്‍ട്ട് ” ബാനറും ” വി.സപ്പോര്‍ട്ട് മെട്രോമാന്‍ ആന്‍ഡ് മോഡി” തുടങ്ങി ഇംഗ്ളീഷ് ബാനറുകളുമായി വളഞ്ഞാടിയുമെല്ലാം ആരാധകര്‍ ആവേശം കാട്ടി.

പറഞ്ഞതിലും രണ്ടരമണിക്കൂര്‍ വൈകിയാണ് മോദി നാഗര്‍കോവിലിലെ പരിപാടി കഴിഞ്ഞെത്തിയത്. എന്നിട്ടും ക്ഷമയോടെ അണികള്‍ കാത്തിരുന്നു. അതുവരെ ബോറടിക്കാതിരിക്കാന്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ പൊളിറ്റിക്കല്‍ കമന്ററി. കളികാണാന്‍ എതിരാളി കടകംപള്ളി സുരേന്ദ്രനെ ഫേസ് ബുക്കിലൂടെ വിളിച്ചിട്ടുണ്ടെന്ന് ശോഭ പറഞ്ഞത് ജനം കൈയടിയോടെ ഏറ്റെടുത്തു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ ഡ്രാമാറ്റിക്കല്‍ പ്രസംഗം, കേരളത്തിലെ കാട്ടാളഭരണത്തെ തൂത്തെറിയാന്‍ വോട്ടെടുപ്പ് മറക്കരുതെന്ന മുന്നറിയിപ്പും.

ചന്ദനനിറമുള്ള ഒാഫ് വൈറ്റ് കൈത്തറി കുര്‍ത്തയും പൈജാമയും പുളിയിലക്കരയന്‍ ഷാളും, വെളുത്ത മാസ്ക്കുമണിഞ്ഞാണ് മോദിയെത്തിയത്. അപ്പോള്‍ സമയം 7.20. വന്നയുടനെ സ്റ്റേജിന് നടുവിലെത്തി മാസ്ക് മാറ്റി കൂറ്റന്‍ വന്ദനവും പിന്നാലെ കൈകളുയര്‍ത്തി ആവേശാഭിവാദ്യവും. പിന്നെ സ്വീകരണമായിരുന്നു. നേമത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ സ്വര്‍ണക്കരയുള്ള കസവ് ഷാളണിയിച്ചു. പിന്നാലെ പി.കെ. കൃഷ്ണദാസ് സ്വര്‍ണക്കസവ് തന്നെ പുതപ്പിച്ചു. വി.വി. രാജേഷും ജില്ലാകമ്മിറ്റിയും ശ്രീപദ്മനാഭസ്വാമിയുടെ മ്യൂറല്‍ ചിത്രം സമ്മാനമായി നല്‍കി. മത്സ്യമേഖലയിലെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ നിവേദനം നല്‍കി. തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന വി.വി.രാജേഷിന്റെ അഭ്യര്‍ത്ഥനയും മോദിക്ക് കൈമാറി.

കുമ്മനത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷമായിരുന്നു മോദിയുടെ പ്രസംഗം. ഇടതു-വലതു മുന്നണികളെ എതിര്‍പക്ഷത്ത് നിറുത്തിയായിരുന്നു മോദിയുടെ ബൗളിംഗ്. പദ്മനാഭനെയും ആറ്റുകാലമ്മയെയും വെള്ളയാണി ഭദ്രകാളിയെയും ആഴിമല ശിവനെയും വണങ്ങിയും ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്ബിസ്വാമിയെയും സ്മരിച്ചുമായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. ഗുരുവിന്റെ അറിവും പദ്മനാഭന്റെ സംസ്കാരവും മാര്‍ത്താണ്ഡവര്‍മ്മയുടെ പരാക്രമവും നിറഞ്ഞതാണ് തിരുവനന്തപുരമെന്ന് പറഞ്ഞ മോദി, കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി കടകംപള്ളിയെ ശബരിമലപ്രശ്നത്തിന്റെ പേരില്‍ ബൗണ്‍സറെറിഞ്ഞാണ് പ്രസംഗം നിറുത്തിയത്. ക്ഷേത്രം സംരക്ഷിക്കേണ്ട മന്ത്രി ഭക്തരെ തല്ലിച്ചതച്ചത് ശരിയായില്ലെന്ന് കുറ്റപ്പെടുത്തി. പ്രസംഗത്തിന് ശേഷം കൃഷ്ണകുമാറിനെ തോളത്ത് തട്ടി അഭിനന്ദിച്ചും, നിയമസഭയില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ഒ. രാജഗോപാലിനെ ചേര്‍ത്തുപിടിച്ച്‌ ആശ്ളേഷിച്ചുമാണ് വേദി വിട്ടിറങ്ങിയത്.

രാവിലെ മധുരയിലും ഉച്ചയ്ക്ക് കോന്നിയിലും വൈകിട്ട് നാഗര്‍കോവിലിലും രാത്രി കഴക്കൂട്ടത്തും റാലികളില്‍ പങ്കെടുത്ത് ഡല്‍ഹിക്ക് മടങ്ങുമ്ബോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തെക്കേ ഇന്ത്യയിലെ സമാപനമാണിതെന്നും മോദി സൂചിപ്പിച്ചു.