കോഴിക്കോട്: ഈ സര്‍ക്കാര്‍ തുടരണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ തുടര്‍ന്നാല്‍ നാശമായിരിക്കും എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നു. വിജയന്റെ അഹന്ത സഹിക്കാന്‍ പറ്റില്ല എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. എന്താണ് ഈ അഹന്ത എന്നും കോടിയേരി ചോദിച്ചു.

പൗരത്വ നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞതാണോ പിണറായിയുടെ അഹന്ത? നോട്ട് നിരോധനത്തിനെതിരെ മുഖ്യമന്ത്രിയടക്കം സമരത്തിന് ഇറങ്ങിയതാണോ അഹന്ത?നടപ്പാക്കാന്‍ പറ്റാത്ത ഗെയില്‍ നടപ്പാക്കിയതാണോ അഹന്ത? വലിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് അഹന്തയാണെങ്കില്‍ മലയാളികള്‍ അത് അലങ്കാരമായി കാണും.

മാര്‍ക്സിസ്റ്റ് ഹുങ്ക് അവസാനിപ്പിക്കണമെന്ന് 1991ല്‍ കോണ്‍​ഗ്രസ് അവിശുദ്ധ സഖ്യമുണ്ടാക്കി.അത് അന്ന് പൊളിഞ്ഞു. ഇപ്പോള്‍ അഹന്ത എന്ന് പറഞ്ഞ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നു. ബിജെപിയും കോണ്‍ഗ്രസും ഒരേ കാര്യം പറയുന്നു. ഇടതുപക്ഷ വിരുദ്ധ സഖ്യമാണ് ഇവരുടെ നീക്കം.
ഇവര്‍ കൂട്ടുകച്ചവടം നടത്തുന്നു. 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. അതെങ്ങനെ സാധിക്കും? 35 സീറ്റില്‍ യുഡിഎഫ് വോട്ട് ബിജെപിക്ക് കുത്തും. ബാക്കി മണ്ഡലങ്ങളില്‍ ബിജെപി തിരിച്ച്‌ യുഡിഎഫിന് വോട്ട് കൊടുക്കും. അതാണ് 35 ന്റ തന്ത്രമെന്നും കോടിയേരി ആരോപിച്ചു.