എത്ര ആഗ്രഹിച്ചാലും ചിലര്‍ക്ക് നടക്കാത്ത കാര്യമാണ് രാവിലെ നേരത്തേ എണീക്കുക എന്നത്. 10,11 മണി വരെയൊക്കെ ഉറങ്ങുന്നവരുടെ അന്നത്തെ ദിവസം തന്നെ പോക്കായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാ‍വര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. അലാറമൊക്കെ സെറ്റ് ചെയ്തുവച്ച്‌ ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. നമ്മളോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും സ്വപ്നംകണ്ടുറങ്ങും.

അതിരാവിലെ ഉണരാന്‍ ഒരു മാര്‍ഗമുണ്ട്. മൊബൈല്‍ ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ടുമിനിട്ട് ഇടവിട്ട് അലാറം സെറ്റ് ചെയ്യുക. അലാറം അടിക്കുമ്ബോഴൊക്കെ എഴുന്നേറ്റ് പോയി അത് ഓഫ് ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കുക. ഇത് 2,3 തവണ തുടര്‍ന്നാല്‍ പിന്നെ അന്നത്തെ ഉറക്കം എന്തായാലും ഗോവിന്ദ ആയിരിക്കും.

എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും ശുദ്ധജലത്തില്‍ മുഖം കഴുകുകയും ചെയ്യുക. പറ്റിയാല്‍ കുറച്ച്‌ നേരം ജോഗിങ് ചെയ്യുക. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിലും നേരത്തെ ഉണരാന്‍ സാധിക്കില്ല. നേരത്തേ കിടക്കാന്‍ ശ്രമിക്കുക.ഡയറ്റിലും വ്യായാമത്തിലും പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കണം. എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. 21 ദിവസം അതിനുവേണ്ടി ശ്രമിച്ചാല്‍ അതൊരു ശീലമാകുകയും പിന്നീടെന്നും നമ്മള്‍ പോലുമറിയാതെ ആ സമയത്ത് ഉണരാന്‍ കഴിയുകയും ചെയ്യും. ഊര്‍ജ്ജസ്വലമായ ഒരു ദിവസത്തിലേക്ക് അങ്ങനെ വളരെ വേഗം ഓടിക്കയറാം.