നിര്‍ബന്ധിത മതപരിവര്‍ത്തനം’ തടയാനെന്ന പേരില് ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കാന്‍ ഒരുങ്ങുന്ന നിയമഭേദഗതി ബില്ലില്‍ ആരെയും കുടുക്കുന്ന വ്യവസ്ഥകള്‍. 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യനിയമം ഭേദഗതി ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ അനുസരിച്ച്‌ ആര്‍ക്കെങ്കിലും ‘മെച്ചപ്പെട്ട ജീവിതശൈലി’ വാഗ്ദാനം ചെയ്യുന്നതും ‘ദൈവാനുഗ്രഹം ലഭിക്കും’ എന്ന് അവകാശപ്പെടുന്നതും കുറ്റം. ഇതെല്ലാം മതപരിവര്‍ത്തനത്തിനുള്ള പ്രലോഭനമായാണ് ബില്‍ കാണുന്നത്. നടപ്പ്സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും.

ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ‘വിവാഹങ്ങളിലൂടെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം’ തടയുകയാണ് ഗുജറാത്തിലെ നിയമഭേദഗതിയുടെയും ഉദ്ദേശം. 2003ലെ നിയമപ്രകാരം ‘നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ വഞ്ചിച്ചോ’ മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകരമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, നിയമഭേദഗതി ബില്ലില്‍ ‘വിവാഹങ്ങളിലൂടെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം’, ‘അത്തരം വിവാഹങ്ങള്‍ക്ക് ഒത്താശചെയ്യല്‍’ തുടങ്ങിയ കാര്യങ്ങളും കുറ്റകരമാണ്. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള വിവാഹങ്ങളാണെന്ന് ബോധ്യപ്പെട്ടാല്‍ കുടുംബകോടതികള്‍ക്ക് അവ അസാധുവാക്കാം. കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയെന്നും തെളിയിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം കുറ്റാരോപിതര്‍ക്ക് മാത്രമാകും. വിവാഹങ്ങളിലൂടെയുള്ള നിര്‍ബന്ധിത പരിവര്‍ത്തനം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് മൂന്നുവര്‍ഷംമുതല്‍ അഞ്ചുവര്‍ഷംവരെ തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയൊ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരെയൊ മതപരിവര്‍ത്തനം നടത്തിയാല്‍ നാലു വര്‍ഷംമുതല്‍ ഏഴ് വര്‍ഷംവരെയാണ് തടവ്. സംഘടനകള്‍ ‘ആസൂത്രിതമായി മതപരിവര്‍ത്തനം’ നടത്തിയെന്ന് വ്യക്തമായാല്‍ കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷംമുതല്‍ 10 വര്‍ഷംവരെ തടവ് ലഭിച്ചേക്കും.