ഇല്ലിനോയ്സ് ∙ വീട്ടിൽ വളർത്തിയിരുന്ന പിറ്റ്‍ബുൾ നായയുടെ ആക്രമണത്തിൽ ഒരു വയസ്സുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം. നായയുടെ ഭക്ഷണം വെച്ചിരുന്ന പാത്രത്തിനരികിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്നായിരുന്നു കുട്ടിയെ നായ ആക്രമിച്ചത്. തലയിൽ മാരകമായി കടിച്ചു പരിക്കേൽപ്പിച്ച കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാർച്ച് ഏഴിന് ഒന്നാം ജന്മദിനം ആഘോഷിച്ചു ദിവസങ്ങൾക്കകമാണ് അതിദയനീയ അന്ത്യം സംഭവിച്ചതെന്ന് മാർച്ച് 22 തിങ്കളാഴ്ച പോലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

കഴിഞ്ഞ നാലു വർഷമായി പോക്കറ്റബുള്ളി എന്ന പിറ്റ‍്ബുൾ വർഗത്തിൽപെട്ട നായ വീട്ടിൽ ഉണ്ടായിരുന്നതായും ഇതുവരെ ഇങ്ങനെ പ്രകോപനം ഉണ്ടായിട്ടില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. മാത്രമല്ല കുട്ടിയുടെ കയ്യിൽ നിന്നും ബിസ്ക്കറ്റും മറ്റു സാധനങ്ങളും നായ എടുത്തു കഴിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. സംഗമൻ കൗണ്ടി കൊറോണറും, സ്പ്രിംഗ് ഫിൽഡ് പൊലീസ് ഡിപ്പാർട്ട്മെന്റും സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരുടെ പേരിലും കേസ്സെടുത്തിട്ടില്ലായെന്നും പൊലീസ് പറഞ്ഞു.

2020 നവംബർ ഒന്നും മുതൽ 2021 മാർച്ച് വരെ അമേരിക്കയിൽ നായയുടെ കടിയേറ്റ ഏഴു പേർ മരിച്ചിട്ടുണ്ട്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. ഈയിടെ ഹാംപ്ടണിൽ 6 വയസ്സുകാരി നായയുടെ കടിയേറ്റു മരിച്ചിരുന്നു. വീട്ടിൽ വളർത്തുന്ന നായകളാണെങ്കിലും, കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണെന്നും, നായ എപ്പോൾ പ്രകോപിതനാകും എന്നു പറയുക സാധ്യമല്ലെന്നും അധികൃതർ പറയുന്നു.