ന്യൂയോർക്ക് ∙ അമേരിക്കയിലെ സിറോ മലബാർ സഭയുടെ വളർച്ചക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൗരോഹിത്യത്തിന്റെ 50–ാം വാർഷികം 27 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സൂം മീറ്റിംഗിലൂടെ ആഘോഷിക്കുന്നു. കഴിഞ്ഞ മെയ് മാസം എഴുപത്തിയഞ്ചു വയസ് തികഞ്ഞ ജോസച്ചൻ, ഇടവക സേവനങ്ങളിൽ നിന്നും വിരമിച്ച്, ഇപ്പോൾ വിശ്രമ ജീവിതം നയിച്ചുവരികയാണ്.

1945 മെയ് 30–ാം തീയതി കണ്ടത്തിക്കുടി ജോൺ–ത്രേസ്യാകുട്ടി ദമ്പതികളുടെ മൂത്തപുത്രനായി ജനിച്ച ജോസച്ചൻ, 1962 –ൽ തലശേരി മൈനർ സെമിനാരിയിൽ ചേരുകയും, തുടർന്ന് കോട്ടയം – വടവാതൂർ സെമിനാരിയിലും, റോമിലെ അർബൻ യൂണിവേഴ്സിറ്റിയിലും പഠനങ്ങൾ പൂർത്തിയാക്കി. 1971– മാർച്ച് 27–ാം തീയതി വത്തിക്കാനിൽ വച്ച് കർദ്ദിനാൾ ആഗ്‌നെലോ റോസ്സിയിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി.

1973–ൽ നാട്ടിൽ തിരിച്ചെത്തി, തലശ്ശേരി രൂപതയിലെ മണിമൂളി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ച ജോസച്ചൻ, കൽപറ്റ ചാരിറ്റി ഒലിവുമല, എടപ്പെട്ടി, പൊഴമുടി തുടങ്ങിയ സ്ഥലങ്ങളിൽ ഇടവകകൾ സ്ഥാപിക്കുകയും വികാരിയായി സേവനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ തമിഴ്‍നാട്ടിലെ കൂനൂർ, ബർളിയാർ, അറുവൻകാട് തുടങ്ങിയ സ്ഥലങ്ങളിലും പള്ളികൾ സ്ഥാപിക്കുകയും, വികാരിയായി പ്രവർത്തിക്കുകയും ചെയ്തു.

തലശ്ശേരി രൂപതയിലെ വിവിധ ആധ്യാത്മിക മേഖലകളിലും ജോസച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി സെന്റ് ജോസഫ് പ്രസിന്റെ മാനേജർ, മാനന്തവാടി രൂപതയുടെ ചാൻസലർ, രൂപതയുടെ സൺഡേ സ്കൂൾ ഡയറക്ടർ, ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ, സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ തുങ്കുഴി പിതാവിന്റെ സെക്രട്ടറി തുടങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് 1995 ൽ അമേരിക്കയിലെ സിറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുക എന്ന ദൗത്യവുമായി, സിറോ മലബാർ ബിഷപ്സ് സിനഡിന്റെ തീരുമാനപ്രകാരം അമേരിക്കയിലെത്തുന്നത്.

ഷിക്കാഗോയിലെ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നൽകിയ ജോസച്ചൻ തുടർന്ന് ന്യൂജഴ്സിയിലേക്കും, ന്യൂയോർക്കിലേക്കും വിവിധ സ്ഥലങ്ങളിൽ താമസിച്ച് സിറോ മലബാർ വിശ്വാസികളെ സംഘടിപ്പിക്കുകയും വിവിധ ഇടവകകൾ സ്ഥാപിക്കുകയും ചെയ്തു. 2002 മാർച്ച് 24–ാം തീയതി, ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ദേവാലയം സ്ഥാപിക്കുകയും വികാരിയായി നിയമിതനാകുകയും ചെയ്തു. അന്നു മുതൽ ഇടവക ഭരണത്തിൽ നിന്നും വിരമിച്ച 2020 മെയ്മാസം വരെയും ജോസച്ചൻ ബ്രോങ്ക്സ് ഫോറോന ഇടവകയുടെ വികാരിയായി സേവനം ചെയ്തു. ഇതിനിടയിൽ ന്യൂയോർക്കിലും കണക്റ്റികെട്ടിലും വിവിധ സ്ഥലങ്ങളിൽ സിറോ മലബാർ ഇടവകകളും, മിഷനുകളും സ്ഥാപിക്കുവാനും ജോസച്ചന് കഴിഞ്ഞു.

ഈ 27–ാം തീയതി ശനിയാഴ്ച പൗരോഹിത്യത്തിൽ അമ്പത് വർഷങ്ങൾ‍ പൂർത്തിയാക്കുന്ന ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സുവർണ്ണ ജൂബിലി, അച്ചൻ ഏതാണ്ട് പത്തൊമ്പത് വർഷത്തോളം സേവനം ചെയ്ത ബ്രോങ്ക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുന്നു. ന്യൂയോർക്ക് സമയം വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സൂം മീറ്റിംങ് ഷിക്കാഗോ രൂപതാ അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ വൈദീകരും. ആത്മായരും ആശംസകൾ നേർന്നു സംസാരിക്കും.സൂം മീറ്റിംങിൽ പങ്കെടുത്ത് ജോസച്ചനെ ആദരിക്കുവാൻ എല്ലാ വിശ്വാസികളോടും അച്ചന്റെ സുഹൃത്തുക്കളോടും ബ്രോങ്ക്സ് ഇടവക വികാരി റവ. ഫാ. ജോഷി എളംബാശ്ശേരി അഭ്യർഥിക്കുന്നു.