ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാൻ പദ്ധതിയിട്ടെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം സമർപ്പിച്ച സ്വപ്നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

മിഡിൽഈസ്റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാനായിരുന്നു സ്പീക്കറുടെ നീക്കം. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി സ്പീക്കർ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ ഭൂമി നൽകാമെന്ന് വാക്കാൽ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. എന്തിനാണ് സ്പീക്കർ ഇക്കാര്യത്തിൽ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡിൽ ഈസ്റ്റ് കോളേജിൽ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. കോളേജിന്റെ ശാഖകൾ വർധിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങൾ നോക്കിനടത്താൻ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്.