ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ശിവശങ്കറില്‍ നിന്ന് അറിയാനുള്ള വിവരങ്ങള്‍ കിട്ടിയെങ്കിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. കേസില്‍ എം ശിവശങ്കര്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്.

കസ്റ്റംസ് കേസില്‍ കൂടി ജാമ്യം കിട്ടി ശിവശങ്കര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്‍റ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. രാഷ്ട്രീയരംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ പ്രധാനവാദം.