തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതിയുമായി പി എസ് സി റാങ്ക് ഹോള്‍ഡര്‍മാര്‍. പത്ത് വര്‍ഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ എല്ലാവര്‍ക്കും ജോലി കിട്ടുമെന്നതില്‍ എന്താണ് ഉറപ്പെന്ന് മന്ത്രി ചോദിച്ചെന്നും, സമരക്കാര്‍ സര്‍ക്കാരിനെ നാണം കെടുത്തിയെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു.

ഇന്ന് രാവിലെ മന്ത്രിയെ കണ്ടപ്പോഴായിരുന്നു മോശം പ്രതികരണം. 28 ദിവസം സമരം നടത്തിയിട്ടും മന്ത്രി പ്രശ്‌നങ്ങള്‍ മനസിലാക്കിയില്ല എന്നറിഞ്ഞതില്‍ പ്രയാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ 6.45 ഓടെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

സമരക്കാരുടെ ആവശ്യത്തെതുടര്‍ന്ന് മന്ത്രി കാണാന്‍ സമയം അനുവദിക്കുകയായിരുന്നു. അതേസമയം ഇന്ന് വൈകിട്ടോടെ വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. അതേസമയം സമരക്കാരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് കൈമാറി. ഇന്ന് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായേക്കും.