വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ചതായി ട്വിറ്റര്‍ അറിയിച്ചു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായാണ് അക്കൗണ്ട് നീക്കിയതെന്ന് ട്വിറ്റര്‍ അറിയിച്ചു.

ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ തന്റെ അക്കൗണ്ട് നീക്കാന്‍ ഗൂഢലോചന നടത്തുകയാണെന്നും തന്നെ നിശബ്ദമാക്കാനാണ് ശ്രമമെന്നും ട്രംപ് പറഞ്ഞു. ഏഴരക്കോടി ദേശസ്‌നേഹികള്‍ തനിക്ക് വോട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സമയങ്ങളിaലെ ട്വീറ്റുകള്‍ സൂക്ഷ്മം നിരീക്ഷിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാന്‍ തീരുമാനിക്കുകയാണെന്ന് ട്വിറ്റര്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ട്രംപിന്റെ ട്വീറ്റുകള്‍ അക്രമത്തിന് പ്രേരണ നല്‍കിയേക്കാമെന്ന അപകടസാധ്യത മുന്നില്‍ കണ്ടാണ് ഈ തീരുമാനം.

കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നേരത്തെ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 12 മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ട്വിറ്ററിന്റെ നയങ്ങള്‍ ഇനിയും ലംഘിക്കുകയാണെങ്കില്‍ എന്നന്നേക്കുമായി അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

വ്യാഴാഴ്ച വൈകീട്ടോടെ അക്കൗണ്ട് തിരികെ ലഭിച്ച ട്രംപ് കലാപത്തെ തളളിപ്പറഞ്ഞും ബൈഡന്റെ വിജയത്തെ അംഗീകരിച്ചും പുതിയ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. സമാധാനപരമായ അധികാര കൈമാറ്റമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞെങ്കിലും ബൈഡനെ അഭിനന്ദിക്കാനോ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാനോ ട്രംപ് തയ്യാറായിരുന്നില്ല.

ട്രംപിന്റെ വെള്ളിയാഴ്ചത്തെ ട്വീറ്റുകളുടെ പശ്ചാത്തലത്തിലാണ് എന്നന്നേക്കുമായി അക്കൗണ്ട് നീക്കം ചെയ്യാനുളള കടുത്ത തീരുമാനത്തില്‍ ട്വിറ്റര്‍ എത്തിച്ചേര്‍ന്നത്.