ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവ് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ ആശുപത്രികളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍.

‘വൈറസിന്റെ വ്യാപനം ഗണ്യമായി കുറയുന്നില്ലെങ്കില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കിടക്കകള്‍ ഉണ്ടാവില്ല എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്,’ യു.കെ സര്‍ക്കാരിന്റെ കൂടുതല്‍ പിന്തുണ ആവശ്യപ്പെട്ട് സാദിഖ് ഖാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘ഞങ്ങള്‍ ഒരു പ്രധാന സംഭവം പ്രഖ്യാപിക്കുകയാണ്, കാരണം ഈ വൈറസ് നമ്മുടെ നഗരത്തിന് ഭീഷണിയാണ്. പ്രതിസന്ധി ഘട്ടത്തിലാണ്. ഇപ്പോള്‍ നമ്മള്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍, നമ്മുടെ എന്‍‌എച്ച്‌എസ് (ദേശീയ ആരോഗ്യ സേവനം) മതിയാവാതെ വരികയും കൂടുതല്‍ ആളുകള്‍ മരിക്കുകയും ചെയ്യും.’

ലണ്ടനിലെ 30 പേരില്‍ ഒരാള്‍ക്ക് ഇപ്പോള്‍ വൈറസ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. തലസ്ഥാനത്തെ ആശുപത്രികളിലെ രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്‌ 27 ശതമാനം വര്‍ധിച്ചു, വെന്റിലേറ്ററുകളില്‍ ഉള്ളവരുടെ എണ്ണം 42 ശതമാനം വര്‍ദ്ധിച്ചു.

തന്റെ പ്രഖ്യാപനം വൈറസ് വ്യാപനത്തിനെതിരെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ പ്രേരിപ്പിക്കുമെന്നാണ് സാദിഖ് ഖാന്‍ പ്രതീക്ഷിക്കുന്നത്.