മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ നിഷ്പക്ഷരായി നിലകൊള്ളണം: ഗവര്‍ണര്‍

തിരുവനന്തപുരം: മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കൂടുതല്‍ നിഷ്പക്ഷരായി നിലകൊള്ളണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബ്ബിന്റെ ഉദ്ഘാടം തിരുവനന്തപുരത്തു നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളുക എന്നത് മനുഷ്യസഹജമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇതിനതീതമായി വര്‍ത്തിക്കണം. സ്വന്തം കാഴ്ചപ്പാടുകള്‍ക്കൊപ്പം മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ തെളിച്ചമുള്ളതാകുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയിലും മാധ്യമ പ്രവര്‍ത്തനത്തിലും വലിയ മാറ്റങ്ങളാണ് വന്നത്. ഇത്തരം മാറ്റങ്ങള്‍ക്കിടയിലും വിശ്വാസ്യതയും ധാര്‍മികതയും സാമൂഹ്യപ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ വച്ചുപുലര്‍ത്തുന്ന സെന്‍സേഷണലിസം പലപ്പോഴും മനുഷ്യാവകാശങ്ങളെ മുറിവേല്‍പ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇതിനെകുറിച്ച് കൂടുതല്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍, ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബ് പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം.ജി രാധാകൃഷ്ണന്‍, ജോണ്‍ മുണ്ടക്കയം, പ്രഭാവര്‍മ, കെ.സി രാജഗോപാല്‍, എസ്.ആര്‍ ശക്തിധരന്‍, ജേക്കബ് ജോര്‍ജ്, വി.കെ ചെറിയാന്‍, പി.പി ജെയിംസ്, ജി. ശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ത്താ അവതാരക അളകനന്ദ കൃതജ്ഞത രേഖപ്പെടുത്തി.