തോമസ് കൂവള്ളൂർ
ന്യൂയോർക്ക്

2020 നവംബർ മൂന്നിന് നടന്ന അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ കഴിഞ്ഞിട്ട് ഏതാണ്ട് രണ്ടുമാസമായിട്ടും ഇതുവരെ ആരായിരിക്കും അമേരിക്കൻ പ്രസിഡണ്ട് എന്നുള്ളത് മിഥ്യയായി അവശേഷിക്കുകയാണല്ലോ. ജനവരി ആറിന് നടക്കാനിരിക്കുന്ന ഇലക്ട്രൽ കോളജ് വോട്ടിൽ ആയിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡണ്ട് ആരായിരിക്കുമെന്ന അന്തിമ തീരുമാനമുണ്ടാവുക.

ഇത്തരത്തിലുള്ള ഒരു സന്നിഗ്ദ്ധാവസ്ഥ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. 2016 ൽ ട്രംമ്പ് പ്രസിഡണ്ടായി അധികാരത്തിൽ വന്നതിന് ശേഷം എന്തൊക്കെ സംഭവിച്ചു എന്ന് സോഷ്യൽ മീഡിയയിലൂടെ നാം കണ്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ കൂടുതലായി ആവക കാര്യങ്ങളിലേക്ക് കടക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഏതായാലും ട്രംമ്പ് പ്രസിഡണ്ടായി

അധികാരത്തിലേറിയ അന്നുതന്നെ അദ്ദേഹത്തെ തളയ്ക്കാൻ അധികാരത്തിന്റെ തലപ്പത്തിരുന്നവർ തന്നെ ശ്രമം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകരിൽ പലരെയും ജയിലിലാക്കി. റഷ്യൻ ബന്ധം ട്രംമ്പിനുണ്ടെന്ന് ആരോപണം കൊണ്ടുവന്ന് മൂന്ന് വർഷത്തോളം അന്വേഷണം നടത്തി. ഒടുവിൽ അദ്ദേഹം ടാക്‌സ് തകൊടുക്കാറില്ലായിരുന്നു എന്ന ആരോപണവും കൊണ്ടുവന്നു. ആദ്യമാദ്യം റഷ്യ, റഷ്യ, റഷ്യ…. എന്ന പദ പ്രയോഗങ്ങളും , പിന്നീട് ഇമ്പീച്ച് ഇബ്ബീച്ച്…. ഇബ്ബീച്ച് എന്ന പദങ്ങളും ആയിരുന്നു ട്രമ്പിന്റെ എതിരാളികൾ എന്ന് തുടരെത്തുടരെ പറയുന്നത് മീഡിയകളിലൂടെ കേട്ടതാണ്.

അങ്ങിനെ ഇരുന്നപ്പോഴാണ് പ്രസിഡൻഷ്യൽ ഇലക്ഷൻ വരുന്നത്. ഒരു കൊടുങ്കാറ്റുപോലെ ട്രംമ്പിനെ പിൻതുണയ്ക്കുന്നവർ ആഞ്ഞടിക്കുന്നതും, ഇതുകണ്ട് യഥാർത്ഥത്തിൽ ഭയന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. എന്തു തന്നെയായാലും ട്രംമ്പിന്റെ വരവോടെ മുസ്ലിം ഭീകരരുടെ അഴിഞ്ഞാട്ടത്തിനും, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്രാജ്യാധിപത്യത്തിനും കടിഞ്ഞാണിടപ്പെട്ടു.

ട്രംമ്പിനുമുൻപ് അധികാരത്തിലുണ്ടായിരുന്ന ഒബാമയുടെ എട്ട് വർഷം മുസ്ലിം ഭീകരരുടെ അഴിഞ്ഞാട്ടമായിരുന്നു വെന്നും , അമേരിക്കക്കാർക്ക് സ്വൈര്യമായി മുസ്ലിം രാജ്യങ്ങളിൽ സഞ്ചരിക്കാൻ വളരെ ഭയമായിരുന്നു എന്നും, യാത്ര ചെയ്യാറുള്ള അമേരിക്കൻ പാസ്‌പോർട്ടുള്ളവർ ആരും കാണാത്ത വിധത്തിൽ മൂടിക്കെട്ടികൊണ്ടുനടന്നതും യാത്ര ചെയ്തിട്ടുള്ളവർ ഓർക്കുന്നുണ്ടല്ലോ. കൂടാതെ സിറിയ, ലിബിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന നരഹത്യകളും നാം കണ്ടുകഴിഞ്ഞതാണ്. ഏത്രയോ ക്രിസ്ത്യാനികളുടെ തല മുസ്ലിംഭീകർ നിർദ്ദാക്ഷിണ്യം അറുത്തുമാറ്റി. എത്രയോ വിദേശ വനിതകളെ അവർ ബലാൽസംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തി.

ഇവയ്‌ക്കെല്ലാം പുറമെ ഒബാമയുടെ കാലത്ത് നോർത്ത് കൊറിയയിൽ നിന്നും ആഴ്ചയിലൊരിക്കൽ മിസ്സൈലുകൾ അമേരിക്കയെ ലക്ഷ്യമാക്കി വന്നു കൊണ്ടിരുന്നതും നാം കണ്ടുകഴിഞ്ഞതാണ്. പക്ഷേ, ട്രംമ്പിന്റെ വരവോടെ യുദ്ധങ്ങൾക്ക് അറുതി വന്നു. നോർത്ത് കൊറിയയുടെ മിസൈലുകളും നിലച്ചു. ട്രംമ്പിന്റെ വരവിൽ ഏറ്റവും കൂടുതൽ ദൂഷ്യഫലമുളവാക്കിയത് എല്ലാവർക്കുമറിയാവുന്നതുപോലെ ചൈനയ്ക്കായിരുന്നു.

അമേരിക്ക ഏറ്റവും കൂടുതൽ പണം ചിലവാക്കിക്കൊണ്ടിരുന്നത് യുദ്ധത്തിനുവേണ്ടിയായിരുന്നു. അതു നിന്നതോടെ അമേരിക്കൻ ഖജനാവ് പണംകൊണ്ട് നിറയാൻ തുടങ്ങി. അമേരിക്കയുടെ സമ്പത്തിന്റെ അളവുകോലാണല്ലോ സ്‌റ്റോക്ക്മാർക്കറ്റ്. സ്‌റ്റോക്കിലുണ്ടായിരുന്ന വർദ്ധനമൂലം വ്യക്തികളിലും സമ്പത്ത് കുമിഞ്ഞുകൂടാൻ തുടങ്ങിയ ഇതോടെ ചൈനയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതായി.

അങ്ങിനെ ട്രംമ്പ് രണ്ടാവട്ടവും പ്രസിഡണ്ടായാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പുതന്നെ പ്രതികൂലമായി ബാധിക്കും എന്ന നിലവന്നു. ട്രംമ്പിനെയും അദ്ദേഹത്തിന്റെ വളർച്ചയെയും നശിപ്പിക്കേണ്ടത് ചൈനയുടെ ആവശ്യമായിതീർന്നു.

അങ്ങിനെയാണ് കോവിഡ് 19 ന്റെ കടന്നുവരവ്. ട്രംമ്പിന്റെ എതിരാളികൾ ഈ അവസരം ശരിക്കും മുതലെടുക്കാൻ തുടങ്ങി. നിരവധിതവണ അമേരിക്കൻ പ്രസിഡണ്ടായി മൽസരിച്ച് തോറ്റ് തുന്നം പാടിയ ആളായിരുന്നു ജോബൈഡൻ എന്ന കഥാപാത്രം. അതുപോലെ തന്നെ കമലാഹാരിസിനും ഒരു ചരിത്രമുണ്ട്.

ഈ ചരിത്രനായകരെ മുന്നിൽ നിർത്തിയാണ് ട്രംമ്പിന്റെ എതിരാളികൾ ശിഖണ്ഡിയെ മുൻനിർത്തി അർജ്ജുനൻ അമ്പെയ്ത് ഭീഷ്മരെ വീഴ്ത്തിയത് എന്നു പറയുംപോലെ ട്രംമ്പിനെ വകവരുത്താൻ ശ്രമിച്ചത്. പക്ഷേ, ട്രംമ്പ് അതിനെയും അതിജീവിക്കാൻ സാധ്യതയില്ലാതില്ല. അതുകൊണ്ടുതന്നെയാണ് ഞാനിതെഴുതാൻ കാരണം.

മുതലാളിത്ത വ്യവസ്ഥിതിയുടെ ഈറ്റില്ലമാണ് അമേരിക്ക എന്നും, മുതലാളിത്തവും കമ്യൂണിസവും തമ്മിൽ വലിയ അന്തരമുണ്ടെന്നും മനസിലാക്കിയിട്ടുള്ളവർക്ക് അറിയാം, ട്രംമ്പിനെ മറിച്ചിടുന്നതിലൂടെ സംഭവിക്കാൻ പോവുന്നത് ലോക മുതലാളിത്തത്തിന്റെ അടിത്തറ ഇളക്കുക എന്നുള്ളതാണ് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തി ചൈനയാണെന്നും വ്യക്തമായിക്കഴിഞ്ഞു.

അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷനിൽ ഇത്തവണ സോഷ്യൽ മീഡിയകൾ നിർണ്ണായകമായ ഒരു പങ്കുവഹിച്ചു എന്നും, ഉത്തരവാദപ്പെട്ട അധികാരികളല്ല വോട്ടെണ്ണലിന്റെ റിസൽട്ട് പുറത്തുവിട്ടത് എന്നും കണ്ടുപിടിക്കപ്പെട്ടു. ഓരോ സ്‌റ്റേറ്റിലെയും അധികാരികൾ ഇലട്രൽ വോട്ടുകൾ പ്രഖ്യാപിക്കുന്നതിന് മുൻപ് ബൈഡന് 306 വോട്ടുകൾ കിട്ടി എന്നു പ്രഖ്യാപിച്ചതും ഒരു വിഷയമായി തീർന്നിട്ടുണ്ട്.

അങ്ങിനെ ബൈഡനെ പ്രസിഡണ്ടായി മാധ്യമങ്ങളും ട്രംമ്പിന്റെ എതിരാളികളായ ചില രാഷ്ട്രീയ നേതാക്കളും, അമേരിക്കയിൽത്തന്നെയുള്ള രാഷ്ട്രീയ നേതാക്കളും പ്രഖ്യാപിച്ചുകഴിഞ്ഞു. മുതലാളിത്തത്തിന്റെ കടയ്ക്കൽ കത്തിവച്ചിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ വളരെ കരുതലോടെ നീങ്ങിയില്ലെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നതുപോലെതന്നെ അമേരിക്കയും തകരുമെന്നുള്ളത് ഉറപ്പായിക്കഴിഞ്ഞു.

ഒരു കാലത്ത് ലെനിനെയും, സ്റ്റാലിനെയും ആരാധിച്ചിരുന്ന റഷ്യക്കാർ സോവിയേറ്റ് യൂണിയന്റെ തകർച്ചയോടെ ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമകൾ കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കി ശോഭകേടു കാണിച്ചതുപോലെ തന്നെ അമേരിക്കയിലും ഇതിനോടകം നടന്നു കഴിഞ്ഞു. ലോകജനതയുടെയും, പ്രത്യേകിച്ച് അമേരിക്കക്കാരുടെയും ആരാധ്യപുരുഷന്മാരായിരുന്ന എബ്രഹാംലിങ്കന്റെയും ജോർജ്ജ് വാഷിംഗ്ഡന്റെയും പ്രതിമകൾ തകർത്തുകളയാൻ ശ്രമം നടന്നു. കൊളംബസിന്റെയും അതുപോലെ മറ്റുപലരുടെയും പ്രതിമകൾക്ക്ു സ്ഥാനചലനം സംഭവിച്ചു. പലതും തകർക്കപ്പെട്ടു.

ഈ സാഹചര്യത്തിൽ 2021 ജനുവരി ആറിന് നടക്കുന്ന ഇലക്രൽ കോളജ് സർട്ടിഫിക്കേഷനിൽ ജയിച്ചതായി പ്രഖ്യാപിക്കപ്പട്ട ജോബൈഡനും കമലാഹാരിസിനും ചിലപ്പോൾ സ്ഥാന ചലനവും സംഭവിക്കാൻ സാധ്യതയുണ്ട്. ജോബൈഡനും കമലാഹാരിസിനുമാണ് അമേരിക്കയുടെ അടുത്ത സാരഥികളെങ്കിൽ അതോടെ അമേരിക്കൻ മുതലാളിത്തത്തിന്റെയും ഡമോക്രസിയുടെയും അന്ത്യമായി എന്നും, ലോകകമ്യൂണിസത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അതിലൂടെ വന്നു ചേരുമെന്നും കരുതാം. അതോടെ അമേരിക്കയുടെ 250 വർഷത്തെ ചരിത്രം തിരുത്തി എഴുതപ്പെടാനും സാധ്യതയുണ്ട്.

ഈ നിർണായക നിമിഷത്തിൽ അധികാരം കയ്യിലിരിക്കുന്ന പ്രസിഡണ്ട് ട്രംമ്പ്, അതും ഒറ്റയ്ക്ക് പ്രശ്‌നങ്ങളെ അതിജീവിച്ച ശക്തനായ നേതാവ്, ലോകം മുഴുവൻ ഒറ്റ നിമിഷത്തിനുള്ളിൽ ഇല്ലാതാക്കാൻ കഴിവുള്ള അതി ശക്തനായ മനുഷ്യൻ വെറുതെ മാറിക്കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. തന്റെ കയ്യിലുള്ള ചക്രായുധം അമേരിക്കയെ പിടിച്ചു നിർത്താൻ അദ്ദേഹം ഉപയോഗിക്കുമെന്നുതന്നെയാണ് എന്റെ വിശ്വാസം. അടുത്തയാഴ്ച അതു നമുക്ക് കാണാം. ഒരു നല്ല നാളെ പ്രതീക്ഷിച്ചുകൊണ്ട് നമുക്ക് കാത്തിരിക്കാം.