ഫ്രാൻസിസ് തടത്തിൽ 
ന്യൂയോർക്ക്:ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) നകേരള ചാപ്റ്റർ ട്രഷറർ ആയി വാഷിംഗ്‌ടൺ ഡി.സി യിൽ നിന്നുള്ള യുവ നേതാവ് വിപിൻ രാജിനെ നിയമിച്ചതായി കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് അറിയിച്ചു. വാഷിംഗ്‌ടൺ ഡി.സി. മേഖലയിലെ ഐ ഒ.സിയുടെ സജീവമായ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന വിപിൻ നിലവിൽ വാഷിംഗ്‌ടൺ ചാപ്റ്റർ സെക്രെട്ടറി കൂടിയാണ്

 കേരളത്തിൽ ആയിരുന്നപ്പോൾ സ്കൂൾ രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനായിരുന്നു വിപിൻ.  ട്രഷറർ എന്ന നിലയിൽ വിപിൻ രാജിന്റെ സേവനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിനു ഒരു മുതൽ കൂട്ടായിരിക്കുമെന്ന് അദ്ദേഹത്തെ ട്രഷറർ ആയി നിയമിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയ ഐ.ഒ.സി കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്, ഐ ഒ. സി ചെയർമാൻ തോമസ് മാത്യു, സെക്രെട്ടറി സജി കരിംപന്നൂർ, സീനിയർ വൈസ് പ്രസിഡണ്ട് സതീശൻ നായർ എന്നിവർ പറഞ്ഞു.
നിലവിൽ ഫൊക്കാനയുടെ അസോസിയേറ്റ് ട്രഷറർ കൂടിയായ വിപിൻ വാഷിംഗ്‌ടൺ മേഖലയിലെ ഏറെ അറിയപ്പെടുന്ന യുവ നേതാവാണ്. കഴിഞ്ഞ 16 വർഷമായി വിവിധ മേഖലകളിൽ ഫൊക്കാനയുടെ നേതൃനിരയിൽ പ്രവർത്തിച്ചു വരുന്ന വിപിൻ രാജ്  ഡി,സി മേഖലയിലെ മലയാളികളുടെ പല ആവശ്യങ്ങളിലും കാര്യമായ ഇടപെടലുകൾ നടത്തി വരാറുണ്ട്.

2004 ല്‍ ഫൊക്കാനയുടെ യൂത്ത് വിഭാഗത്തില്‍  കമ്മിറ്റി അംഗമായാണ് വിപിൻ ഫൊക്കാന നേതൃത്വത്തിലേക്കു കടന്നുവന്നത്. പിന്നീട് തുടർച്ചയായി രണ്ടു വട്ടം യൂത്ത് വിഭാഗത്തിൽ നിന്ന് നാഷണൽ കമ്മിറ്റിയിൽ പ്രവർത്തിച്ച ശേഷം 2008 -2010 ൽ വീണ്ടും സീനിയർ വിഭാഗത്തിൽ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010-2012 കാലയളവിൽ ഫൊക്കാനയുടെ വാഷിംഗ്‌ടൺ ഡി.സി. റീജിയണൽ വൈസ് പ്രസിഡണ്ടായിരുന്നു.  പിന്നീട് 2014 മുതല്‍  ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിൽ വീണ്ടും അംഗമായി പ്രവര്‍ത്തിച്ച വിപിൻ  2014 – 2018 വരെ ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറും ആയിരുന്നു.  ഫൊക്കാനയുടെ ഫൗണ്ടേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെ.എ ജി .ഡബ്യു) വിന്റെ എക്‌സിക്യൂട്ടീവ് അംഗമായിട്ടാണ്  സംഘടനാ രംഗത്തേക്ക്  ചുവടുറപ്പിക്കുന്നത്.  ഒരു തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമി കൂടിയായ അദ്ദേഹം  മെരിലാന്‍ഡ് ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ‘കില്ലാഡിസ്’ സ്‌പോര്‍ട്‌സ് ക്ലബിന്റ്‌റെ സ്ഥാപക അംഗവും  കോർഡിനേറ്ററുമാണ്.

വാഷിംഗ്‌ടൺ ഡി.സി. മേഖലയിലെ ഒട്ടു മിക്ക സംഘടനകളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന വിപിൻ ഒരു മികച്ച സംഘാടകൻ കൂടിയാണ്. വാഷിംഗ്ടൺ   സെയിന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ട്രസ്റ്റീ കൂടിയായ കോട്ടയം പള്ളം സ്വദേശിയായ വിപിന്‍ എസ് എസ് എല്‍ സി കഴിഞ്ഞയുടന്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ കുടിയേറുകയായിരുന്നു. വളര്‍ന്നത് അമേരിക്കയില്‍ ആണെങ്കിലും മനസു മുഴുവന്‍ ഇപ്പോളും ജന്മനാട്ടില്‍ തന്നെ.

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ആരാധകനായിരുന്ന വിപിന്‍ താന്‍ പഠിച്ച കോട്ടയത്തെ എം.ടി. സെമിനാരി ഹൈസ്‌കൂളിലെ കെ.എസ്.യൂ.വിന്റെ പാനിലില്‍ 1995 ല്‍ മത്സരിച്ചു പ്രസിഡന്റ് ആയിരുന്നു. കോണ്‍ഗ്രസ് നേതാക്കളോടുള്ള ആരാധനമൂലം പല നേതാക്കന്മാരുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് വിപിൻ. കേരളത്തിൽ നിന്നു ഡി.സി യിലെത്തുന്ന എല്ലാ കോൺഗ്രസ് നേതാക്കന്മാരും വിപിന്റെ സഹായം തേടുക പതിവാണ്. അവർക്ക് ആതിഥ്യമരുളാനും ഉത്സാഹം കാട്ടാറുള്ള വിപിൻ   ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന നേതാവാണ്.
കമ്പ്യൂട്ടര്‍ ഇന്‍ഫോ ടെക് ബിരുദപഠനത്തില്‍ ചേര്‍ന്ന ശേഷം അവിചാരിതമായി ബാങ്കിങ് മേഖലയിലേക്ക് കടന്നുവന്ന വിപിന്‍ ഡി.സി.ആസ്ഥാനമായുള്ള സാൻഡി സ്പ്രിംഗ് മോര്‍ട്ടഗേജ് കമ്പനിയില്‍ മോര്‍ട്ടഗേജ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്നു. മൈക്രോ ബിയോളജിസ്‌റ് ആയ സുജു സാമുവേല്‍ ആണ് ഭാര്യ.മക്കള്‍: സനരാജ്, ഇഷാന്‍രാജ്.