പി. പി. ചെറിയാന്‍
വിൽമിംഗ്ടൺ (ഡലവെയർ) ∙ രാഷ്ട്രം ഇന്ന് യുദ്ധം ചെയ്യുന്നതു കൊറോണ വൈറസിനോടാണെന്നും പരസ്പരമല്ലെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. താങ്ക്സ്ഗിവിംഗ് ദിനത്തോടനുബന്ധിച്ചു നവംബർ 26 വ്യാഴാഴ്ച ഡലവെയർ വിൽമിംഗ്ടണിൽ വെച്ചു സന്ദേശം നൽകുകയായിരുന്നു ബൈഡൻ. നമ്മുടെ മുമ്പിൽ വരാനിരിക്കുന്നതു നല്ല ദിനങ്ങളാണെന്നും ബൈഡൻ പ്രതീക്ഷ പങ്കുവെച്ചു. കൊറോണ വൈറസ് മഹാമാരി അതീവ ഗൗരവമായിട്ടാണ് ഞങ്ങൾ കാണുന്നതെന്നും അതോടൊപ്പം രാഷ്ട്രീയ പ്രശ്നങ്ങളും ഉണ്ടെന്ന് ബൈഡൻ പറഞ്ഞു.

ഒരു വർഷത്തോളമായി നാം വൈറസുമായി യുദ്ധത്തിലാണ്. 260,000 അമേരിക്കൻ ജനതയുടെ ജീവിതമാണ് വൈറസ് തട്ടിയെടുത്തിരിക്കുന്നത്. കൊറോണ വൈറസ് നമ്മെ പരസ്പരം ഭിന്നിപ്പിച്ചിരിക്കുന്നു. രോഷാകുലരാക്കിയിരിക്കുന്നു, എന്നാൽ ഒരു കാര്യം നാം ഓർക്കണം, നമ്മൾ പ്രധാനമായും വൈറസിനെയാണ് പ്രതിരോധിക്കേണ്ടത്. അതിനു എല്ലാവരും ഐക്യത്തോടെയുള്ള പ്രവർത്തനമാണ് കാഴ്ചവെക്കേണ്ടത് ബൈഡൻ ഓർമ്മപ്പെടുത്തി.

താങ്ക്സ് ഗിവിങ്ങ് ഡേ എന്നതു ത്യാഗത്തിന്റേയും നന്ദിയർപ്പിക്കലിന്റേയും വിശേഷദിവസമാണ്. എല്ലാ വർഷവും കുടുംബാംഗങ്ങൾ ഒരുമിച്ചു കൂടിയിരുന്നു ആഘോഷിക്കുന്ന ഒരു ദിവസമാണ്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഈ വർഷം അതിനവസരം ലഭിച്ചില്ല. അമേരിക്കയിൽ പ്രതിദിനം 160,000 കൊറോണ വൈറസ് രോഗികളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ദേശഭക്തിയുള്ള ഓരോ അമേരിക്കക്കാരന്റേയും ഉത്തരവാദിത്വം കോവിഡ്19 വ്യാപനം തടയുക എന്നതായിരിക്കണെന്നും അതിനു അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കാൻ തയാറാകണമെന്നും ബൈഡൻ അഭ്യർഥിച്ചു.