ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: കോവിഡ് പകര്‍ച്ചവ്യാധിയും വംശീയതയും പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പും ന്യൂയോര്‍ക്കിലെ ക്രമസമാധാനം തകര്‍ത്തുവെന്നു റിപ്പോര്‍ട്ട്. സബ്‌വേ ആക്രമണങ്ങള്‍ മുതല്‍ വെടിവയ്പ്പുകള്‍ വരെ, ന്യൂയോര്‍ക്ക് സിറ്റിയില്‍ അക്രമ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വര്‍ഷങ്ങളുടെ റെക്കോര്‍ഡ് ഇടിവിന് ശേഷം കോവിഡില്‍ നിന്നും രക്ഷപ്പെട്ടുവരുന്ന സംസ്ഥാനത്ത് ഞെട്ടിപ്പിക്കുന്ന തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ട്രെയിന്‍ പുറപ്പെടുന്നതിനു തൊട്ടുമുമ്പ് മാന്‍ഹട്ടനിലെ യൂണിയന്‍ സ്‌ക്വയര്‍ സ്‌റ്റേഷനിലെ സബ്‌വേ ട്രാക്കിലേക്ക് 40 കാരിയായ സ്ത്രീയെ വലിച്ചിട്ട വാര്‍ത്ത പുറത്തുവന്നതാണ് ഒടുവിലത്തെ സംഭവം. റെയിലുകള്‍ക്കും റോ ബെഡ്ഡിനുമിടയില്‍ വീണു, ചെറിയ പരിക്കുകളോടെ അവര്‍ രക്ഷപ്പെട്ടു. ഒരു പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി മണിക്കൂറുകള്‍ക്ക് മുമ്പ്, 42ാമത്തെ സ്ട്രീറ്റ്ബ്രയന്റ് പാര്‍ക്ക് സ്‌റ്റേഷന്റെ ട്രാക്കിലേക്ക് പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒരു പാന്‍ഹാന്‍ഡ്‌ലര്‍ ഒരാളെ വലിച്ചിഴച്ചതായി അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കു ഗുരുതരമായി പരിക്കേറ്റില്ല. പ്രതിയെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അപ്പര്‍ വെസ്റ്റ് സൈഡ് സ്‌റ്റേഷനില്‍ അഭിനേതാവായ അലക്‌സ് വീസ്മാന്‍ ആക്രമിക്കപ്പെട്ടു. കണ്ണിന് ചുറ്റും കാര്യമായ പരിക്കുകള്‍ സംഭവിച്ചു. ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് ഇടക്കാല പ്രസിഡന്റ് സാറാ ഫെയ്ന്‍ബെര്‍ഗ് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞു. ‘ഈ നഗരത്തില്‍ ഇപ്പോള്‍ ക്രമസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ പ്രതീകനഗരമായ ഇവിടെ ഇങ്ങനെയാണെങ്കില്‍ മറ്റുള്ളയിടത്ത് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഞങ്ങള്‍ക്ക് ഒരു പ്രതിസന്ധിയുണ്ട് എന്ന് എല്ലാവരും സമ്മതിച്ചിരിക്കുന്നു, അത് തീര്‍ച്ചയായും ഉടനടി പരിഹരിക്കേണ്ടതുണ്ട്.’

കൊറോണ വൈറസ് പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട ബിസിനസ്സ്, സ്‌കൂള്‍ അടച്ചുപൂട്ടലുകള്‍ക്കു ശേഷം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നു ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ ആരോപിച്ചു. ‘ആളുകളെ സുരക്ഷിതവും സുസ്ഥിരവുമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ ആശ്രയിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ ഇവിടെയില്ല,’ അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു. അക്രമങ്ങളുടെ ഈ വലിയ വര്‍ദ്ധനവ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും ആശങ്കയോടെയാണ് നോക്കി കാണുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നഗരം ഇരുണ്ട കാലഘട്ടത്തില്‍ ആയിരുന്നതു പോലെ വീണ്ടും മടങ്ങിയേക്കുമോയെന്ന് അധികൃതരും സംശയിക്കുന്നു. മാഫിയ പ്രവര്‍ത്തനം കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സാമൂഹിക അക്രമങ്ങളാണ് വ്യാപകമായിരിക്കുന്നത്. പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് താമസക്കാര്‍ തങ്ങളുടെ സുരക്ഷയെക്കുറിച്ച് നേരത്തെ പല തവണ ആശങ്ക അറിയിച്ചിരുന്നു. ഇങ്ങനെ ഭയപ്പെട്ടിരുന്ന പലരും വീടിനു പുറത്തിറങ്ങാനും തയ്യാറായിരുന്നില്ല. തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയും വംശീയ നീതിയും വലിയ പ്രശ്‌നമായതിനെ തുടര്‍ന്നു പോലീസ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സമ്മര്‍ദത്തിനിടയിലാണ് പുതിയ കുറ്റകൃത്യ തരംഗം ന്യൂയോര്‍ക്കിനെ വേട്ടയാടുന്നത്.

‘ഞങ്ങളുടെ ജാമ്യ പരിഷ്‌കരണം ശരിക്കും പാളി. ഇത് തെരുവുകളിലെ പോലീസ് ഉേദ്യാഗസ്ഥരുടെ എണ്ണവും ഓവര്‍ടൈമും വെട്ടിക്കുറച്ചു, ഇപ്പോള്‍ ഞങ്ങള്‍ക്ക് കോവിഡ് 19 ഉണ്ട്. അപ്പോള്‍ ഇതൊക്കെ സംഭവിച്ചേ തീരു എന്നതാണ് സ്ഥിതി.’ ജോണ്‍ ജെയ് കോളേജ് ഓഫ് ക്രിമിനല്‍ ജസ്റ്റിസിലെ അസിസ്റ്റന്റ് പ്രൊഫസറും മുന്‍ എന്‍വൈപിഡി കുറ്റാന്വേഷകനുമായ ആല്‍ഫ്രഡ് ടൈറ്റസ് ജൂനിയര്‍ പറഞ്ഞു. പോലീസ് വലിയ തോതില്‍ അംഗസംഖ്യ വെട്ടിക്കുറച്ച് വലിയൊരു പ്രശ്‌നമാണെന്നു പലരും പറയുന്നു. ഫെഡറല്‍ ബജറ്റില്‍ നിന്നുള്ള തുക കൂടുതലായും കോവിഡിനെ വരുതിയിലാക്കാന്‍ ചെലവഴിച്ചതാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നു മേയര്‍ തുറന്നു സമ്മതിച്ചു. അതിനിടയ്ക്ക് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പും രാജ്യവ്യാപമായി വംശീയപ്രശ്‌നങ്ങള്‍ പൊന്തി വന്നതും കുറ്റവാളികളോടുള്ള പോലീസ് സമീപനത്തില്‍ വലിയ വ്യതിയാനം സംഭവിച്ചു.

നഗരത്തിലുടനീളം, വെടിവയ്പ്പ് ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 698 ല്‍ നിന്ന് ഈ വര്‍ഷം നവംബര്‍ 15 വരെ 1,359 ആയി ഇത് കുതിച്ചുയര്‍ന്നു, എന്‍വൈപിഡി കണക്കുകള്‍ പുറത്തു വിട്ട ക്രിമിനല്‍ കണക്കുകള്‍ പ്രകാരമാണിത്. വെടിവയ്പ് ഇരട്ടിയിലധികമാണ്, 2019 ലെ 828 ല്‍ നിന്ന് ഈ വര്‍ഷം നവംബര്‍ 15 വരെ 1,667 ആയി. ഈ വര്‍ഷം ഇതുവരെ 405 പേര്‍ വെടിയേറ്റു മരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 295 ആയിരുന്നു. ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് എന്താണ് കാരണമെന്നു കാര്യമായി പഠനം നടക്കുന്നുണ്ട്. കോവിഡ് വലിയ പ്രശ്‌നം സൃഷ്ടിച്ചു. മുന്‍നിര പോലീസ് ഉദ്യോഗസ്ഥര്‍ മാറിനിന്നതോടെ വലിയ തോതിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍ പോലീസ് യൂണിയന്‍ ഉദ്യോഗസ്ഥര്‍ കുറ്റം ചുമത്തുന്നു. റാങ്ക് ആന്‍ഡ് ഫയല്‍ ഓഫീസര്‍മാരെ പ്രതിനിധീകരിക്കുന്ന പോലീസ് ബെനവലന്റ് അസോസിയേഷനും സര്‍ജന്റ്‌സ് ബെനവലന്റ് അസോസിയേഷനും പ്രാദേശിക നേതാക്കളെയും തെരുവിലെ ഉദ്യോഗസ്ഥരെ വികലാംഗരാക്കുന്നതിനും കുറ്റവാളികളെ ധൈര്യപ്പെടുത്തുന്നതിനുമുള്ള അവരുടെ പുരോഗമന നയങ്ങളെയും വിമര്‍ശിച്ചു.

പോലീസ് ബജറ്റ് വെട്ടിക്കുറച്ചത്, ജാമ്യ പരിഷ്‌കരണ നിയമങ്ങള്‍ എന്നിവയൊക്കെയാണ് ഇപ്പോള്‍ കുറ്റവാളികളെ തെരുവിലിറക്കാനുള്ള സാഹചര്യമുണ്ടാക്കിയത്. മതിയായ പോലീസ് ഇല്ലെങ്കിലും ഉള്ളവര്‍ ഓവര്‍ടൈം എടുത്തു വലയുന്നത് വലിയ മാനസിക പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളോടു മാത്രമല്ല, കുറ്റവാളികളെ മാനുഷികമായി കാണാനുള്ള നീക്കവും വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതിനോടൊപ്പമാണ് കോവിഡ് വലിയ പ്രശ്‌നമായി മാറിയത്.

‘അറസ്റ്റ് ചെയ്യാനുള്ള എന്‍വൈപിഡിയുടെ കഴിവ് സിറ്റി കൗണ്‍സില്‍ എടുത്തുകളഞ്ഞു,’ എസ്ബിഎ പ്രസിഡന്റ് എഡ് മില്ലിന്‍സ് പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഇപ്പോള്‍ പോലീസുകാരുണ്ട്, എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ പോലീസ് നടപടികള്‍ ആവര്‍ത്തിക്കാന്‍ ഭയമാണ്. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് അവരെ അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റും. ഇത് ചോക്‌ഹോള്‍ഡ് വിരുദ്ധ നടപടിയാണ്, ഇത് ഡയഫ്രം നിയന്ത്രിക്കുന്ന തരത്തില്‍ കുറ്റവാളികളെ സംശയാസ്പദമായ രീതിയില്‍ കണ്ടാല്‍ ഇരിക്കാനോ മുട്ടുകുത്തിക്കാനോ പോലും ഉദ്യോഗസ്ഥരെ വിലക്കുന്നു. മിനിയാപൊളിസിലെ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തെത്തുടര്‍ന്നാണ് ഈ നടപടി നിയമമാക്കിയത്.

ബുധനാഴ്ച രാത്രി ഒരു സിറ്റി ബസ്സില്‍ കയറുന്നതിനിടെ ആകാശത്തേക്ക് വെടിവെപ്പ് നടത്തുന്ന അക്രമിയുടെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് ഇയാളെ തിരിച്ചറിയുകയും ബ്രൂക്ലിന്‍ പോലീസ് കീഴ്‌പ്പെടുത്തുകയും ചെയ്തു. നവംബര്‍ എട്ടിന് ബ്രൂക്ലിനിലെ ബെഡ്‌ഫോര്‍ഡ് സ്റ്റുയിവെസന്റ് പരിസരത്താണ് സംഭവം. ആര്‍ക്കും പരിക്കില്ല, എന്നാല്‍ 25 യാത്രക്കാരെ മറ്റൊരു ബസ്സിലേക്ക് മാറ്റി. മറ്റൊരു സംഭവത്തില്‍, ബ്രൂക്ലിനില്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 70 കാരിയായ സ്ത്രീയെ ആക്രമിച്ചു കൊള്ളയടിക്കാന്‍ ശ്രമിച്ചതും പോലീസ് അന്വേഷിക്കുന്നു. ഒന്നിലധികം കുറ്റകൃത്യങ്ങള്‍ ചെയ്തു പരോളിലിറങ്ങിയ രണ്ടു പേര്‍ ചൊവ്വാഴ്ച ക്വീന്‍സിലെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബത്തെ ബന്ദിയാക്കി മോഷണം നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.


ഈ മാസം ആദ്യം 64 കാരിയായ സ്ത്രീയെ കൊള്ളയടിച്ചത് സെന്‍ട്രല്‍ പാര്‍ക്കിന് സമീപമായിരുന്നു. സ്ട്രീറ്റ് വാക്കിലൂടെ നടക്കുമ്പോള്‍ നടന്‍ റിക്ക് മൊറാനിസിനെ അക്രമിച്ചതിന് ഇപ്പോള്‍ പോലീസ് കേസ് ഉണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന മിക്കവരിലും കൊറോണ വൈറസും ഉണ്ടായിരുന്നുവെന്നതാണ് വലിയ പ്രതിസന്ധി. കഴിഞ്ഞ എട്ട് മാസത്തിനിടെ 300,000ത്തിലധികം ന്യൂയോര്‍ക്കുകാര്‍ നഗരത്തിന് പുറത്തേക്ക് മാറിയതായി യുഎസ് തപാല്‍ സേവനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മേയര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനായി ഈ ആഴ്ച പുറത്തിറക്കിയ ഒരു വീഡിയോയില്‍, മുന്‍ സംസ്ഥാന സെനറ്ററും എന്‍വൈപിഡി ഉദ്യോഗസ്ഥനുമായ ബ്രൂക്ലിന്‍ ബൊറോ പ്രസിഡന്റ് എറിക് ആഡംസ് പറഞ്ഞു, നഗരം ഇപ്പോള്‍ ഇരുണ്ട സ്ഥലത്താണ്. ഇത് നമ്മുടെ തെരുവുകളിലെ പകര്‍ച്ചവ്യാധിയോ അക്രമമോ ആകട്ടെ, ഞങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ല,’ അദ്ദേഹം പറഞ്ഞു.

കറുത്തവംശജനായ ഫ്‌ളോയിഡിന്റെ മരണത്തെക്കുറിച്ചും നിരവധി പോലീസ് വെടിവയ്പുകളെക്കുറിച്ചും രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍, എന്‍വൈപിഡി അതിന്റെ കുറ്റകൃത്യ വിരുദ്ധ യൂണിറ്റുകള്‍ പിരിച്ചുവിട്ടുവെന്നതാണ് ഇപ്പോഴത്തെ വര്‍ദ്ധിച്ച അക്രമങ്ങള്‍ക്കു കാരണം.