വാഷിങ്ടൻ ഡിസി ∙ ഫെഡറൽ റിസർവ് ബോർഡിലേക്ക് ട്രംപ് നോമിനേറ്റ് ചെയ്ത ജൂഡി ഷെൽട്ടന് സെനറ്റിന്റെ അംഗീകാരം ലഭിച്ചില്ല. ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ്. സെനറ്റിലെ വോട്ടെടുപ്പിൽ ജൂഡിക്കനുകൂലമായി 47 വോട്ടുകൾ ലഭിച്ചപ്പോൾ എതിർത്ത് 50 പേരാണ് വോട്ടു ചെയ്തത്. റിപ്പബ്ലിക്കൻ സെനറ്റർമാരായ മിറ്റ്റോംനി (ഐഓവ), സൂസൻ കോളിൻസ് (മയിൻ) എന്നിവർ ഡമോക്രാറ്റിക് സെനറ്റർമാരോടൊപ്പം വോട്ടു ചെയ്തതാണ് യുഎസ് സെനറ്റിൽ നോമിനേഷൻ പരാജയപ്പെടാൻ കാരണം. നിലവിൽ റിപ്പബ്ലിക്കൻ 53, ഡമോക്രാറ്റിന് 47 സെനറ്റർമാരുമാണുള്ളത്. റിപ്പബ്ലിക്കൻ സെനറ്റർമാരായ ജൂഡിയെ പിന്തുണക്കുന്ന റിക്സ്കോട്ടു (ഫ്ലോറിഡ), ചാൾസ് ഗ്രാഡ്‍ലി (അയോവാ) എന്നിവർ ക്വാറന്റീനിൽ ആയതിനാൽ ഇരുവർക്കും വോട്ടുരേഖപ്പെടുത്താനായില്ല.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കലിഫോർണിയായിൽ നിന്നുള്ള സെനറ്റർ കുടിയായ കമലാ ഹാരിസ് സെനറ്റിലെത്തി വോട്ട് രേഖപ്പെടുത്തി.

അമേരിക്കയിലെ സെൻട്രൽ ബാങ്കിന്റെ മിഷനെ ജൂഡി ഷെൽട്ടൻ ചോദ്യം ചെയ്തതു വിവാദമായിരുന്നു. ഗോൾഡ് സ്റ്റാൻഡേർഡിനനുകൂലമായിരുന്നതും ഇവർക്കു വിനയായി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്ന ശേഷം ട്രംപിനേറ്റ കനത്ത പ്രഹരമാണിത്.