വാഷിങ്ടൻ ഡിസി ∙ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച ജോ ബൈഡൻ – കമല ഹാരിസ് ടീം നിയമിച്ച ടീമുമായി ട്രംപ് ഭരണകൂടം നിസ്സഹരിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മുൻ നാഷനൽ സെക്യൂരിറ്റി അഡ്‍വൈസറും യുഎൻ അമേരിക്കൻ അംബാസിഡറുമായ സൂസൻ റൈസ് ആരോപിച്ചു.

ബൈഡനും, ബൈഡൻ നിയമിച്ച നാഷനൽ സെക്യൂരിറ്റി ടീമിനും ഡെയ്‍ലി ഇന്റലിജൻസ് ബ്രീഫിങ്ങ് ‍നൽകാതിരിക്കുന്നതു ഗുരുതര കൃത്യവിലോപമാണെന്നും, ഇപ്പോൾ ബൈഡൻ– ഹാരിസ് ട്രാൻസിഷ്യൻ അഡ്‍വൈസറി ബോർഡ് മെമ്പർ കൂടിയായ സൂസൻ റൈസ് പറഞ്ഞു. കോവിഡ്19 വ്യാപകമാകുന്ന സാഹചര്യവും, സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യവും അടിയന്തിരമായി പരിഗണിക്കേണ്ട സമയമാണിത്. എന്നാൽ എക്സിക്യൂട്ടീവ് ബ്രാഞ്ച് വിവരങ്ങൾ ബൈഡൻ ടീമിന് നിഷേധിക്കുന്നതു അംഗീകരിക്കാനാവില്ല റൈസ് തുടർന്നു.

അമേരിക്കൻ ജനാധിപത്യവും, ദേശീയ സുരക്ഷിതത്വവും തകർക്കുന്ന സമീപനം ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതിൽ അതിശയോക്തിയില്ലെന്നും, ഭരണത്തിൽ നിന്നും പുറത്തുപോകുന്നതിനു മുമ്പ് ഇങ്ങനെ സംഭവിക്കുന്നത് ദുഃഖകരമാണെന്നും സൂസൻ റൈസ് പറഞ്ഞു.