തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയില്‍ ഒരുങ്ങുന്നത് 3,281 പോളിങ് സ്‌റ്റേഷനുകള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമാണ് ഇക്കുറി പോളിങ് ബൂത്തിലും പരിസരത്തും ഏര്‍പ്പെടുത്തുന്നതെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ജില്ലയിലെ ആകെ പോളിങ് സ്‌റ്റേഷനുകളില്‍ 2,467 എണ്ണവും ത്രിതല പഞ്ചായത്തുകളിലാണ്. ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് ഈ ബൂത്തുകളിലാണു നടക്കുന്നത്. ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുമടങ്ങിയ മള്‍ട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഈ ബൂത്തുകളില്‍ ഉപയോഗിക്കുന്നത്. 653 പോളിങ് ബൂത്തുകളിലായാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 100 ഡിവിഷനുകളിലെ വോട്ടെടുപ്പ് നടക്കുന്നത്. നാലു മുനിസിപ്പാലിറ്റികളിലെ 147 ഡിവിഷനുകളിലെ വോട്ടെടുപ്പിന് 161 ബൂത്തുകളും സജ്ജീകരിക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന്റെ തലേ ദിവസം പോളിങ് ബൂത്ത് പൂര്‍ണമായി അണുവിമുക്തമാക്കും. പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളും ഇത്തരത്തില്‍ പൂര്‍ണമായി അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്കായി ഒരു ബൂത്തില്‍ വിന്യസിക്കുന്നത്. ഒപ്പം ഒരു അറ്റന്‍ഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ടാകും. സാമൂഹിക അകലം പാലിച്ചായിരിക്കും ബൂത്ത് ഏജന്റുമാര്‍ക്കടക്കം ഇത്തവണ സീറ്റ് ക്രമീകരിക്കുക.

പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമാണ്. വോട്ടര്‍മാര്‍ക്കു സാമൂഹിക അകലം പാലിച്ചു നില്‍ക്കുന്നതിനു പോളിങ് ബൂത്തിനു മുന്‍പില്‍ നിശ്ചിത അകലത്തില്‍ പ്രത്യേക അടയാളങ്ങളിടും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകും. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്കു ക്യൂ നിര്‍ബന്ധമില്ല. പോളിങ് സ്‌റ്റേഷന്റെ നിശ്ചിത ദൂരപരിധിക്കു പുറത്ത് സ്ഥാനാര്‍ഥികളുടെ സ്ലിപ്പ് വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കരുതണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.