വാഷിംഗ്ടൺ: നിർത്തിവെച്ച വാക്സിൻ പരീക്ഷണം പുനരാരംഭിക്കാനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ. 12 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക. 2021ഓടെ വാക്സിൻ പരീക്ഷണം പൂർത്തിയാക്കാണ് കമ്പനി ലക്ഷ്യമിടുന്നത്.

60,000ത്തോളം വളണ്ടിയര്‍മാരെ ഉൾപ്പെടുത്തി കഴിഞ്ഞ സെപ്‌റ്റംബറിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ വാക്സിൻ പരീക്ഷണത്തിന് വിധേയനായ ഒരാൾക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വാക്സിൻ്റെ പരീക്ഷണം താത്ക്കാലികമായി നിർത്തിവെച്ചത്.

അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് വാക്സിൻ്റെ പരീക്ഷണം നടത്തുന്നത്. കുരങ്ങുകളിലായിരുന്നു വാക്​സിൻ്റെ ആദ്യഘട്ട പരീക്ഷണം നടത്തിയത്. സെപ്​റ്റംബർ 23 മുതലാണ്​ ജോൺസൺ ആൻഡ്​ ജോൺസൺ മനുഷ്യരിൽ വാക്​സിൻ പരീക്ഷണം ആരംഭിച്ചത്​.