ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ആദ്യ വനിതാ സി.ഇ.ഒ ആയി ചുമതലയേറ്റ് ഹര്‍പ്രീത് എ ഡി സിംഗ്. എയര്‍ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയന്‍സ് എയറിന്റെ പുതിയ സി.ഇ.ഒ ആയാണ് ഹര്‍പ്രീത് ചുമതലയേറ്റത്. ഇന്ത്യയിലെ ഒരു വിമാനക്കമ്ബനിയില്‍ ഇതാദ്യമായാണ് ഒരു വനിത ഇത്രയും ഉയര്‍ന്ന സ്ഥാനം വഹിക്കുന്നത്. എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബന്‍സാലാണ് ഈ വിവരം വെള്ളിയാഴ്ച അറിയിച്ചത്.

കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതു വരെ സി.ഇ.ഒ സ്ഥാനത്ത് തുടരാനാണ് ഹര്‍പ്രീതിനുള്ള നിര്‍ദേശം. നിലവില്‍ എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹര്‍പ്രീത് ചുമതല ഒഴിയുന്നതോടെ ക്യാപ്റ്റന്‍ നിവേദിത ബാസിന്‍ ആ ചുമതല വഹിക്കും.
എയര്‍ ഇന്ത്യയിലേക്ക് ആദ്യമായി തിരഞ്ഞെക്കപ്പെട്ട വനിതാ പൈലറ്റായ ഹര്‍പ്രീത് സിംഗ് 1988ലാണ് എയര്‍ ഇന്ത്യയില്‍ എത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് ഹര്‍പ്രീത് ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു.