ദുബായ്: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഓസീസ്-ഇംഗ്ലീഷ് താരങ്ങളും ഐ.പി.എല്ലില്‍ ചേരുന്നു. ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കാരണം തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന നിരാശയാണ് മാറിയിരിക്കുന്നത്. ഓസീസ്-ഇംഗ്ലീഷ് താരങ്ങള്‍ അപേക്ഷിച്ച ക്വാറന്റൈന്‍ ഇളവുകള്‍ ബി.സി.സി.ഐ അനുവദിച്ചു. യു.എ.ഇയിലെത്തുന്ന അന്നുമുതല്‍ ആറു ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധന 36 മണിക്കൂറാക്കി ചുരുക്കിയതാണ് താരങ്ങള്‍ക്കും ടീമിനും ഗുണമായിരിക്കുന്നത്.

ഓസീസ്-ഇംഗ്ലീഷ് താരങ്ങളെല്ലാം പ്രത്യേക വിമാനത്തിലെ കൊറോണ ബബിള്‍ സുരക്ഷയില്‍ വരുന്നതിനാല്‍ ക്വാറന്റൈന്‍ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയും നടന്നുകൊണ്ടിരുന്നതിനാല്‍ എല്ലാവരും ദിവസവും പരിശോധനയും നടത്തിയിരുന്നതായും താരങ്ങള്‍ രേഖാമൂലം അറിയിച്ചിരുന്നു.

ആകെ 21 താരങ്ങളാണ് ഇംഗ്ലീഷ്- ഓസീസ് ടീമുകളില്‍ നിന്നും ഐ.പി.എല്ലിലെ ക്ലബ്ബുകളില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കാണ് നേട്ടമായിരിക്കുന്നത്. രാജസ്ഥാന്റെ ക്യാപ്‌ററന്‍ ഓസീസ് താരം സ്റ്റീവ് സ്മിത്താണ്. ഇംഗ്ലീഷ് താരങ്ങളായ ജോേ്രഫ ആര്‍ച്ചറും ജോസ് ബട്‌ലറും രാജസ്ഥാന് വേണ്ടി തുടക്കമത്സരത്തില്‍ ഞായറാഴ്ച കളിക്കാനിറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകന്‍ ഡേവിഡ് വാര്‍ണർക്കും ആദ്യമത്സരത്തില്‍ ടീമിനെ നയിക്കാനാകും.