ന്യൂഡൽഹി: കർഷക ബില്ലുകളുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും എൻഡിഎയിൽ തുടരുമെന്നും കേന്ദ്ര സർക്കാരിന് ഉറച്ച പിന്തുണ നൽകുമെന്നും ശിരോമണി അകാലി ദൾ. പാർട്ടി നേതാവ് സുഖ്ബീർ സിംഗ് ബാദൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാർ മുന്നോട്ടുവെച്ച കർഷക ബില്ലുകൾ പഞ്ചാബിലെ കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിസഭയിൽ നിന്നും ശിരോമണി അകാലിദൾ പ്രതിനിധി ഹർസിമ്രത് കൗർ

ബാദൽ രാജിവെച്ചിരുന്നു. ഇതിനു ശേഷമാണ് പാർട്ടിയുടെ നിലപാട് സുഖ്ബീർ സിംഗ് ബാദൽ വ്യക്തമാക്കിയത്.

എൻഡിഎയ്ക്കും ബിജെപിക്കും ശക്തമായ പിന്തുണ തുടരുമെന്നും കർഷകരെ ദോഷകരമായി ബാധിക്കുമെന്ന് തോന്നുന്ന നീക്കങ്ങൾ മാത്രമാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സംസ്കരണ വകുപ്പിന്റെ ചുമതലയാണ് ഹർസിമ്രത് കൗർ ബാദൽ വഹിച്ചിരുന്നത്.

ബില്ലുകളുമായി മുന്നോട്ട് പോകുന്നതിന് മുൻപ് സർക്കാർ കർഷകരുടെ യോഗം വിളിക്കണമെന്നാണ് ശിരോമണി അകാലി ദളിന്റെ പ്രധാന ആവശ്യം. തുടക്കത്തിൽ ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും പഞ്ചാബിലെ കാേൺഗ്രസ് സർക്കാർ ബില്ലുകൾക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതോടെ ശിരോമണി അകാലി ദളും ബില്ലുകളെ എതിർക്കാൻ നിർബന്ധിതമാകുകയായിരുന്നു.