റിപ്പോർട്ട്: ബൈജു വർഗ്ഗീസ് (പീ ആർ ഓ)

ന്യൂജേഴ്‌സി: ഏഷ്യാനെറ്റിലൂടെ കഴിഞ്ഞ 17 വര്ഷങ്ങളായി പ്രക്ഷേപണം ചെയ്യപ്പെടുന്ന, നോർത്ത് അമേരിക്കൻ മലയാളികളുടെ ജനപ്രീയ വാരാന്ത്യ ടിവി ഷോ ആയ യു എസ് വീക്കിലി റൌണ്ട് അപ്പിൽ പുതിയ സെഗ്മെന്റ് ഈ ആഴ്ചമുതൽ ആരംഭിക്കുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് മുഖ്യ പ്രായോജകരായി അവതരിപ്പിക്കുന്ന അമേരിക്കൻ കിച്ചൺ എന്ന ഈ സെഗ്മെന്റ് അമേരിക്കൻ മലയാളി സമൂഹത്തിലെ സ്വാദിഷ്ടമായ ഭക്ഷണങ്ങളെ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ്. ഓണാഘോഷങ്ങളിലേക്ക് എത്തി നിൽക്കുന്ന ഈ സമയത്ത് അമേരിക്കൻ മലയാളികൾക്കുള്ള ഓണ സമ്മാനമായി അവതരിപ്പിക്കപ്പെടുന്ന ഈ സെഗ്മെൻറ് , ആദ്യമായി അര മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു സമ്പൂർണ്ണ എപ്പിസോഡായാണ് അവതരിപ്പിക്കുന്നത്. 6 വ്യത്യസ്ത നഗരങ്ങളിൽ നിന്നുമായി തയ്യാറാക്കുന്ന ആറു ഓണ വിഭവങ്ങളാണ് ആദ്യ എപ്പിസോഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ സെഗ്‌മെന്റിന്റെ അവതാരകയായി എത്തുന്നത് ഓർഗണിലെ പോർട്ട്ലാൻഡിൽ നിന്നും സുമി പ്രമോദാണ്. അനിൽ മറ്റത്തികുന്നേൽ ഈ സെഗ്മന്റിന്റെ കോർഡിനേറ്റർ ആയി പ്രവർത്തിക്കും. ശ്രീ എം ആർ രാജൻ ചീഫ് പ്രൊഡ്യൂസർ ആയും, ശ്രീ സുരേഷ് ബാബു ചെറിയത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും , ശ്രീ രാജു പള്ളത്ത് ഡയറക്ടറും പ്രൊഡ്യൂസറുമായും ശ്രീ മാത്യു വർഗ്ഗീസ് ഓപ്പറേഷൻസ് മാനേജരുമായും മുന്നോട്ട് പോകുന്ന യു എസ് വീക്കിലി റൌണ്ട് അപ്പിൽ ഈ വര്ഷം ചേർക്കപെടുന്ന മൂന്നാമത്തെ സെഗ്മെന്റ് ആണ് അമേരിക്കൻ കിച്ചൺ. ഇതിനകം തന്നെ ജനശ്രദ്ധയാകര്ഷിച്ച ലൈഫ് & ഹെൽത്ത് , അമേരിക്കൻ കാഴ്ചകൾ എന്നീ സെഗ്‌മെന്റുകൾ വിജയകരമായി മുന്നോട്ടു പോകുന്നതിനോടൊപ്പം , ജനോപകാരപ്രദമായ മറ്റൊരു സെഗ്മെന്റ് കൂടി ആരംഭിക്കുവാൻ സാധിക്കുന്നത് , റൌണ്ട് അപ്പിന് ലഭ്യമായിരിക്കുന്ന ജന പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് എന്ന് യു എസ വീക്കിലി റൌണ്ട് അപ്പിന്റെ പിന്നണി പ്രവർത്തകരെ പ്രതിനിധീകരിച്ച് ശ്രീ രാജു പള്ളത്ത് അറിയിച്ചു. മലയാളത്തിലെ ചാനലുകളിൽ ജനപ്രീതിയിൽ ഒന്നാം സ്ഥാനം ദശകങ്ങളായി നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന ഏഷ്യാനെറ്റിലൂടെ ഈ പരിപാടി ലോകമെമ്പാടും എത്തിക്കുവാൻ സാധിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ് എന്ന് അദ്ദേഹം അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി ശക്തമായ പിന്തുണ നൽകുന്ന ഏഷ്യാനെറ്റിന്റെ നേതൃത്വത്തോടും പ്രേക്ഷകരോടും അദ്ദേഹം നന്ദി  അറിയിച്ചു. എല്ലാ വെള്ളിയാഴ്ചയിലും ന്യൂയോർക്ക് സമയം വൈകിട്ട് 9.30 ന് ( ഇന്ത്യൻ സമയം രാവിലെ 7 മണിക്കും ) ആഗോള തലത്തിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന ഈ പരിപാടിക്ക്, തുടർന്നും പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.   എസ് വീക്കിലി റൌണ്ട് അപ്പിന്റെ ഓപ്പറേഷൻ മാനേജർ ശ്രീ മാത്യു വർഗ്ഗീസ് അറിയിച്ചതാണിത്. —