തിരുവനന്തപുരം: സഭയില്‍ വാദ പ്രതിവാദങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. ജാതി പറഞ്ഞ് വോട്ട് പിടിച്ച്‌ വന്നതല്ലേയെന്ന ഗണേശിന്‍റെ ആരോപണത്തിനെതിരെ സഭയില്‍ രൂക്ഷ പ്രതികരണമാണുണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും ചെന്നിത്തലയും ഏറ്റുമുട്ടിയിരിക്കുന്നത്. ഗണേശ് കൈചൂണ്ടി ആക്രോശിച്ചെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അഭിപ്രായം പറയാന്‍ അവസരം നല്‍കണമെന്നും ഭീഷണി വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തുകയുണ്ടായി.

എന്ത് കേട്ടാലും ഭീഷണി എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എ അനില്‍ അക്കര ഗണേഷിന് അടുത്തേക്ക് വരാന്‍ ശ്രമിച്ചെന്നും, കുറച്ച്‌ പേര്‍ ആക്രോശിക്കാന്‍ തുടങ്ങിയെന്നും, ഇതല്ല സഭയില്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. എന്നാല്‍ ഗണേഷ് സംസാരിക്കുമ്ബോള്‍ ആരും തടസ്സപ്പെടുത്തിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം അറിയിച്ചത്. പ്രസംഗത്തിന് ശേഷം പിന്നീട് സീറ്റില്‍ ഇരുന്ന് വെല്ലുവിളിച്ചാല്‍ സ്വാഭാവികമായും പ്രതികരണമുണ്ടാവില്ലേയെന്നും ചെന്നിത്തല ചോദിക്കുകയുണ്ടായി. മര്യാദയില്ലാത്ത പെരുമാറ്റം ഏത് അംഗത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായാലും തെറ്റാണെന്നും സംഭവം പരിശോധിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.