പാലക്കാട് : സംസ്ഥാനത്ത് ഇന്നു പുലര്‍ച്ചെ മരിച്ച ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്നത്തെ കോവിഡ് മരണം അഞ്ചായി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ മരിച്ച സിന്ധു (34)വിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം കൊണ്ടോട്ടിയില്‍ കോവിഡ് ബാധിച്ച്‌ രാവിലെ പെരുവള്ളൂര്‍ സ്വദേശി കോയാമു മരിച്ചു. 82 വയസ്സായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇതോടെ മലപ്പുറത്ത് കോവിഡ് മരണം മൂന്നായി ഉയര്‍ന്നു. കോയാമുവിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് ഓങ്ങല്ലൂര്‍ പോക്കുപ്പടി സ്വദേശി കോരനാണ് മരിച്ച മറ്റൊരാള്‍. 80 വയസ്സായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. പാലക്കാട്ടെ മൂന്നാമത്തെ കോവിഡ് മരണമാണിത്. കോരന്റെ കുടുംബത്തിലെ നാലുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കോരനും കോയാമുവിനും പുറമെ, ആലുങ്കല്‍ ദേവസി, ഇടുക്കിയിലെ എസ്‌ഐ അജിതന്‍ എന്നിവരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.