ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മുംബൈയിലെ കൂപ്പര്‍ ആശുപത്രിക്കെതിരെ ബീഹാര്‍ പോലീസ്. കൂപ്പര്‍ ആശുപത്രി അധികൃതര്‍ സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറാന്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.

സുശാന്ത് സിംഗിന്റെ മരണത്തില്‍ നടി റിയ ചക്രബര്‍ത്തി അടക്കം ഏഴ് പേര്‍ക്കെതിരെ അദ്ദേഹത്തിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് ബീഹാര്‍ പോലീസ് അന്വേഷണം നടത്തുന്നത്. ആത്മഹത്യാ പ്രേരണ, വഞ്ചനാ കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് റിയയ്‌ക്കെതിരെ ബീഹാര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

റിയ ചക്രബര്‍ത്തി അടക്കമുള്ള കുറ്റാരോപിതര്‍ക്കെതിരെ ഐ.പി.സി 341, 342, 380, 406, 420, 306 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാട്‌നയിലെ രാജീവ് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് പരാതി നല്‍കിയത്. കെ.കെ സിംഗിന്റെ പരാതി അന്വേഷിക്കാന്‍ നാലംഗ ബീഹാര്‍ പോലീസിന്റെ ടീം മുംബൈയില്‍ എത്തിയിട്ടുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നാണ് ബീഹാര്‍ പോലീസിന്റെ ആരോപണം. ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.