തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിനായി എം. ശിവശങ്കര്‍ ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും. പ്രതികളുമായി ശിവശങ്കര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ എന്‍.ഐ.എ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സിസി ടി വി ദൃശ്യങ്ങള്‍ ഉടന്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് സൂചന.

ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശിവശങ്കര്‍, ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചു.

ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടന്ന സ്വര്‍ണക്കടത്തിന്റെ അന്വേഷണത്തിലെ ഏറ്റവും നിര്‍ണായക ദിനത്തിനാണ് എന്‍.ഐ.എ ഒരുങ്ങുന്നത്. കസ്റ്റംസിന്റെ 9 മണിക്കൂര്‍ ചോദ്യം ചെയ്യലിനും എന്‍.ഐ.എയുടെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്യലിനും ശേഷം മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയായ ഐ.എ.എസ് ഉദ്യോഗസ്ഥനെ കൊച്ചി ഓഫീസിലേക്ക് വീണ്ടും വിളിച്ചുവരുത്തുന്നു.

സ്വപ്നയും സരിതും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍.ഐ.എ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയായില്ലങ്കിലും സ്വര്‍ണക്കടത്ത് അറിഞ്ഞോ, കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടോ, ഗൂഡാലോചനയക്ക് സൗകര്യം ഒരുക്കിയോ എന്നതും ശിവശങ്കറിന്റെ ഭാവി നിശ്ചയിക്കുന്ന ചോദ്യങ്ങളാണ്.

അഞ്ച് മണിക്കൂര്‍ നീണ്ട ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ സംഘത്തിന് തൃപ്തി വന്നിട്ടില്ല. മറ്റ് പ്രതികളുമായുള്ള ബന്ധം ,സ്വര്‍ണ കടത്തിനെക്കുറിച്ചുള്ള അറിവ്, ഫ്ലാറ്റില്‍ നടന്ന ഗൂഢാലോചന, പ്രതികള്‍ക്ക് ചെയ്ത് നല്‍കിയ സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്ന് എന്‍.ഐ.എ ചോദിച്ച്‌ അറിയുക. സരിത്തും ശിവശങ്കറും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളിയിലും എന്‍.ഐ.എക്ക് സംശയമുണ്ട്.

നാളെ കൊച്ചിയില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ പറയുന്ന കാര്യങ്ങള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യല്‍ നടക്കുക. സെക്രട്ടറിയേറ്റിലെ സിസി ടി വി യില്‍ നിന്ന് ശേഖരിയ്ക്കുന്ന ജൂലൈ ഒന്ന് മുതല്‍ 12 വരെയുള്ള ദൃശ്യങ്ങളും ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമാകും. അത് ഉടന്‍ നല്‍കാനാണ് മുഖ്യ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കേണ്ട സാഹചര്യമുണ്ടോയെന്നും ശിവശങ്കര്‍ പരിശോധിക്കുന്നതായി സൂചനയുണ്ട്.

തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലെങ്കിലും അഭിഭാഷകനെ നേരിട്ട് കാണേണ്ടതിനാല്‍ ഇന്ന് തന്നെ ശിവശങ്കര്‍ കൊച്ചിയിലെത്തുമെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഒടുവില്‍ സംസ്ഥാനത്തെ തന്നെ മുതിര്‍ന്ന ഐ.എ.എസ് ഓഫീസറായ ശിവശങ്കറിന് എതിരെ വ്യക്തമായ മൊഴികളും തെളിവുകളും ഉണ്ടെങ്കില്‍ മാത്രമെ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് എന്‍.ഐ.എ നീങ്ങുകയുള്ളു.