തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്ന നായരുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കേന്ദ്രീകരിച്ച്‌ അന്വേഷണം. സ്വപ്ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കേരള പോലീസ് ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ സര്‍വ്വകലാശാലയ്ക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ബാബാസാഹേബ് അംബേദ്ക്കര്‍ സര്‍വ്വകലാശാലയുടെ പേരിലുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചുകൊണ്ടാണ് ഐടി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്. ഐടി വകുപ്പിന് കീഴിലുള്ള കെഎസ്‌ഐടി എംഡി നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരോപിച്ചിരുന്നു. എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്സ്മന്റും സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്നതിനിടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കേരള പോലീസും സ്വപ്നക്കെതിരെ അന്വേഷണം ആരംഭിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് എന്‍ഐഎ തോടതിയില്‍ അപേക്ഷ നല്‍കും. വിശ്വാസ വഞ്ചനയിലൂടെ ജോലി സമ്ബാദിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്വപ്ന സുരേഷ് വ്യാജരേഖ ചമച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് രണ്ടാം പ്രതിയും വിഷന്‍ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളും എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സ്വപ്നയുടെ ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലുള്ള ഡോ. ബാബാസാഹേബ് അംബേദ്കര്‍ സാങ്കേതിക സര്‍വ്വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറും സ്വപ്ന പലസ്ഥലങ്ങളിലും ജോലിക്കായി സമര്‍പ്പിച്ചിരുന്നു. മഹാരാഷ്ട്രയിലുള്ള ഈ സര്‍വ്വകലാശാലയില്‍ ബി. കോം ഇല്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സര്‍വ്വകലാശാലയ്ക്ക് കേരള പോലീസ് കത്തയയ്ക്കുന്നത്.

2008 മുതല്‍ 2011 വരെ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ റെഗുലറായി പഠിച്ച്‌ ബി. കോം കോഴ്സ് പൂര്‍ത്തിയാക്കിയെന്നാണ് സ്വപ്നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. യുഎഇ കോണ്‍സുലേറ്റിലും ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലും എയര്‍ ഇന്ത്യ സാറ്റ്സിലും ജോലി ലഭിക്കുന്നതിനായി ഇതേ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് സ്വപ്ന ഹാജരാക്കിയിരുന്നത്. സ്വപ്നയുടെ ഐടി വകുപ്പിന് കീഴിലുള്ള നിയമനവും നേരത്തെ വിവാദത്തിലായിരുന്നു.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ കരിമ്ബട്ടികയില്‍പ്പെടുത്തണമെന്ന് ചീഫ് സെക്രറിതല സമിതിയും ശുപാര്‍ശ ചെയ്തിരുന്നു. സ്വപ്ന സുരേഷിന്റെ നിയനം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ശുപാര്‍ശ അനുസരിച്ചാണ് നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. സ്വപ്നയുടെ നിയമനത്തില്‍ ശിവശങ്കര്‍ ചട്ടം ലംഘിച്ചിരുവെന്നും കണ്ടെത്തിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.