ദില്ലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ മാസത്തോടെയാണ് രാജ്യത്ത് മിക്ക കമ്ബനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രൊം ഹോം സംവിധാനം ഒരുക്കിക്കൊടുത്തത്. കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ രാജ്യത്ത് 94 ശതമാനം ( ഏകദേശം 2,40,000) ജീവനക്കാരും വീടുകളില്‍ നിന്നാണ് ജോലി ചെയ്തിരുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതോടെ ചില കമ്ബനികള്‍ തുറന്നുപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ചിലര്‍ ഇപ്പോഴും വര്‍ക്കം ഫ്രൊം ഹോം സംവിധാനം തുടരുകയാണ്.

എന്നാല്‍ ഇപ്പോഴിതാ രാജ്യത്ത് എല്ലാ ഐടി കമ്ബനികള്‍ക്കും വിവര സാങ്കേതിക വിദ്യകള്‍ പ്രാപ്തമാക്കിയ മറ്റ് സേവനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വര്‍ക്ക് ഫ്രം കാലാവധി 2020 ഡിസംബര്‍ 31വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്. നിലവില്‍ ജൂലൈ 31 വരെയായിരുന്നു ഐടി കമ്ബനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം അനുമതി നല്‍കിയിരുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി രംഗത്തെത്തി. പുതിയ രീതിയുലുള്ള പ്രവര്‍ത്തന രീതിക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ അദ്ദേഹം നന്ദി അറിയിച്ചു.

അതേസമയം, ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം സംവിധാനം സ്ഥിരമാക്കാന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ച്‌ മുന്‍നിര ഐടി കമ്ബനിയായ ഇന്‍ഫോസിസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തുടരുന്ന വര്‍ക്ക് ഫ്രം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് ഈ സംവിധാനം സ്ഥിരമാക്കാന്‍ കമ്ബനി ഒരുങ്ങുന്നത്. രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഉടലെടുത്ത പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോ സംവിധാനം ജീവനക്കാരുടെ ഉത്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യുബി പ്രവീണ്‍ റാവു പറഞ്ഞിരുന്നു.

ഇതിനിടെ, ഇന്ത്യയില്‍ ഇന്നും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കജനകമായ വര്‍ധനവാണ് സംഭവിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 37724 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവര്‍ 12 ലക്ഷത്തോളമായി. 1192915 പേര്‍ക്കാണ് ഇതിനകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ 11,92915 രോഗികളില്‍ 753050 പേര്‍ ഇതിനകം കൊവിഡ് മുക്തരായെന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. 411133 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലാണ്.