തിരുവനന്തപുരം : കൊറോണ ചികിത്സാരീതിയില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. ആശുപത്രിയില്‍ കഴിയുന്ന കൊറോണ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ പരിശോധന മതിയെന്നാണ് തീരുമാനം. പി സി ആര്‍ പരിശോധന നടത്തിയായിരുന്നു ഇത് വരെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി.

രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുന്നത്. തുടക്കത്തില്‍ രണ്ട് തവണ പിസിആ‍ര്‍ പരിശോധന നടത്തി നെഗറ്റീവാണെന്നുറപ്പിച്ചായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. പിന്നീട് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഒരു പിസിആര്‍ പരിശോധന മതിയെന്നായി തീരുമാനം. ഇതിലാണ് വീണ്ടും ആരോഗ്യവകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. കൊറോണ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പോസിറ്റീവ് ഫലത്തിന് 10 ദിവസത്തിന് ശേഷം ആന്റിജന്‍ ടെസ്റ്റ് നടത്താം.

പരിശോധനാഫലം നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാം. എന്നാല്‍ ഏഴ് ദിവസം സമ്ബര്‍ക്ക വിലക്ക് പാലിക്കണം. പൊതുസ്ഥലങ്ങളില്‍ പോകുകയോ ആളുകളുമായി ഇടപെടുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. രോഗലക്ഷണം കാണിക്കുന്ന രോഗികളാണെങ്കില്‍ ആദ്യത്തെ പോസിറ്റീവ് റിസള്‍ട്ട് വന്ന് 14 ദിവസത്തിന് ശേഷം പരിശോധന നടത്താം. സംസ്ഥാനത്ത് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് റിസള്‍ട്ട് കിട്ടാന്‍ കാലതാമസം നേരിടുന്നുണ്ട്. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ അരമണിക്കൂറില്‍ തന്നെ റിസള്‍ട്ട് അറിയാന്‍ സാധിക്കുമെന്നും

അസുഖം ഭേദമായവരെ എത്രയും വേഗം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ തീരുമാനമെന്നും ആരോഗ്യവകുപ്പ് പറയുന്നു. എന്നാല്‍ ആര്‍ ടി പി സി ആര്‍ പരിശോധന ഒഴിവാക്കി പകരം ആന്റിജന്‍ പരിശോധന നടത്തുന്നത് സുരക്ഷിതമല്ലെന്നും വീണ്ടും രോഗവ്യാപനത്തിന് വഴിവെക്കുമെന്നുമാണ് ഉയരുന്ന ആക്ഷേപം.