തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അനുകൂലമൊഴി നല്കിയ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചതില്‍ ദുരൂഹത. ഇയാള്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സംശയവുമായി ബാലഭാസ്കറിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
താല്‍ക്കാലിക ഡ്രൈവറായിരുന്ന സി. അജിയിലൂടെ അപകട മരണ കേസിന്റെ ഗതി തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു പ്രതികളെന്ന് സംശയിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബാലഭാസ്കറിന്റെ മാനേജര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തെ സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടിയിരുന്നു. ഇതില്‍ കെ.എസ്.ആര്.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരനും ഉണ്ടായിരുന്നു. അന്ന് പിടിയിലായവര്‍ക്ക് ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.
ബാലഭാസ്കര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് നടന്ന ഡി.ജെ പാര്‍ട്ടിയില്‍ നയതന്ത്ര സ്വര്‍ണക്കടത്തിലെ പ്രതി സരിത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ മനഃപൂര്‍വം കൊണ്ടുവന്ന ഒരു സാക്ഷിയാണ് അജിയെന്നാണ് ബാലഭാസ്കറിന്റെ വീട്ടുകാര്‍ പറയുന്നത്. അതിനുള്ള പ്രത്യുപകാരമാകാം ദുബൈയിലെ ജോലിയെന്ന് അവര്‍ പറയുന്നു. എന്നാല്‍, എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട സമയത്ത് യു.എ.ഇയിലേക്ക് ഡ്രൈവര്‍മാരുടെ ഒരു റിക്രൂട്ട്മന്റെ നടന്നിരുന്നു എന്നും അതില്‍ പങ്കെടുത്ത ശേഷം ലഭിച്ച ജോലിയാണെന്നാണ് അജിയുടെ ബന്ധുക്കള്‍ പറയുന്നത്.