കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയെ തുടര്‍ന്നു ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലയാണ്. കോവിഡ് 19 മൂന്നു മാസം കൊണ്ട് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല വന്‍ ഇടിവ് നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വൈറസ് വ്യാപനത്തിനുശേഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിടുന്ന വില്‍പ്പനയിലെ കുറവ് കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. റിയല്‍ എസ്റ്റേറ്റ് മറ്റു ബിസിനസുകളെ അപേക്ഷിച്ച്‌ വളരെ മികച്ചതാണെന്നും കോവിഡിന്‍റെ ആഘാതം മറികടക്കാന്‍ കൂടുതല്‍ പ്രോത്സാഹനങ്ങള്‍ ആവശ്യമാണെന്നും അല്‍ ദുലൈജാന്‍ റിയല്‍ എസ്റ്റേറ്റ് ഓഫീസ് മേധാവി സുലൈമാന്‍ അല്‍ ദുലൈജാന്‍ പറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ മാസങ്ങളില്‍ വലിയ ശതമാനം വില്‍പ്പനകുറവാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ സബ അല്‍ അഹ്മദ് കടല്‍ത്തീര നഗരം, മറ്റു സമാന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ചാലറ്റുകള്‍ക്ക് ആവശ്യം വര്‍ധിച്ചതായി അല്‍ ദുലൈജാന്‍ പറഞ്ഞു. വിപണിയെ സംബന്ധിച്ചടത്തോളം അല്‍പ്പം ആശ്വാസകരമായ കാര്യമാണിത്.

വാണിജ്യ, നിക്ഷേപ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഫലമായി വില്‍പ്പന കുറഞ്ഞുവെന്ന് ആത്ര റിയല്‍ എസ്റ്റേറ്റ് മേധാവി മൈതം അല്‍ ഷാഖ്സ് പറഞ്ഞു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സമയത്ത് റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ വകുപ്പ് ആരംഭിച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി ചില ഇടപാടുകള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ നേരത്തെയുണ്ടായിരുന്ന പല ഇടപാടുകളേയും കോവിഡ് കാലം സാരമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു. നിലവില്‍ വില്‍പ്പനക്കുറഞ്ഞ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വസ്തുവകകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള ഓപ്ഷനുകള്‍ കുറവാണ്. കോവിഡ് കാലത്തും സബ അല്‍ സലേം, ഖല്‍ദിയ, അഡൈലിയ, ഫൈഹ തുടങ്ങിയ ചില മേഖലകളില്‍ റിയല്‍ എസ്റ്റേറ്റിന്‍റെ വില ഉയര്‍ന്നതായി അല്‍ മുഹൈനി റിയല്‍ എസ്റ്റേറ്റ് സെന്‍റര്‍ മേധാവി ഇബ്രാഹിം അല്‍ മുഹൈനി പറഞ്ഞു. അതോടപ്പം തന്നെ സബ അല്‍ അഹ്മദ്, അബ്ദാലി പ്രദേശങ്ങളിലും ഉപഭോക്താക്കളുടെ താത്പര്യം വര്‍ധിച്ചുവരികയാണെന്നും അല്‍-മുഹൈനി പറഞ്ഞു.

നിരവധി വിദേശികള്‍ നാട്ടിലേക്ക് മടങ്ങിയതാണ് റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ഏറെ തിരിച്ചടിയായതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കോവിഡിനെ തുടര്‍ന്നുണ്ടായ വ്യാപക പിരിച്ചുവിടലും ശമ്ബളം വെട്ടിക്കുറയ്ക്കലും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വാണിജ്യവ്യവസായ മേഖല നിര്‍ജീവമാകുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ചെറുകിട കച്ചവട സ്ഥാപനങ്ങളും വ്യാപാരവും വലിയ പ്രതിസന്ധി നേരിടുന്നതും കെട്ടിട വാടക മാത്രം ആശ്രയിക്കുന്നവര്‍ക്ക് വലിയ ഭീഷണിയാകും.

മിഡില്‍ ഈസ്റ്റ് സമ്ബദ്‌വ്യവസ്ഥയില്‍ 40 വര്‍ഷത്തിനിടയിലെ ഏറ്റവുംവലിയ ആഘാതം ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ കണക്കുകൂട്ടല്‍. കോവിഡും എണ്ണവിലത്തകര്‍ച്ചയും കാരണം അറബ് ലോകത്തിന്‍റെ സമ്ബദ്‌വ്യവസ്ഥയില്‍ 12 ശതമാനം ഇടിവുണ്ടാകുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു.