സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയില്‍ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറല്‍ അന്വേഷണ ഏജന്‍സി മുഖേനയാണ് ചോദ്യംചെയ്യല്‍. സ്വര്‍ണക്കടത്തിന് ഡമ്മി ബാഗ് എന്ന ആശയം ഉണ്ടാക്കിയത് ഫൈസല്‍ ഫരീദാണെന്നാണ് എന്‍.ഐ.എ.ക്കു കിട്ടിയ വിവരം. യു.എ.ഇ.യില്‍ അറസ്റ്റിലായശേഷം നടന്ന പ്രാഥമിക ചോദ്യംചെയ്യലില്‍ ദുബായ് പോലീസിനോടും ഇക്കാര്യം ഫൈസല്‍ സമ്മതിച്ചതായാണു സൂചന.

യു.എ.ഇയുടെ ഔദ്യോഗിക മുദ്രകള്‍ വ്യാജമായി നിര്‍മിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വര്‍ണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്‍റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസല്‍ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നല്‍കിയ തെളിവുകള്‍ യു.എ.ഇ അന്വേഷണ സംഘം കാണുന്നത്. ദുബൈ കേന്ദ്രമായാണ് കുറ്റകൃത്യം നടന്നത് എന്നതിനാല്‍ കൂടുതല്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് കണ്ടാണ് യു.എ.ഇയുടെ നാഷനല്‍ സെക്യൂരിറ്റി വിഭാഗം ഫൈസല്‍ ഫരീദില്‍ നിന്ന് മൊഴിയെടുക്കുന്നത്.

കഴിഞ്ഞവര്‍ഷം ജൂണിലാണ് ഫൈസലും സംഘവും ഡമ്മി ബാഗ് പരീക്ഷണം തുടങ്ങിയത്. നയതന്ത്ര ബാഗേജിനൊപ്പം അയച്ച ഈ ഡമ്മി ബാഗുകള്‍ പിടിക്കപ്പെടാതായതോടെ സ്വര്‍ണം ഒളിപ്പിച്ച്‌ ഇത്തരം ബാഗുകള്‍ അയക്കാന്‍ തുടങ്ങി. 20-ലേറെ തവണയായി 230 കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ ഫൈസല്‍ ദുബായില്‍നിന്ന് കേരളത്തിലേക്കു കടത്തിയത്. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കടത്തിനുമുമ്ബ് കൃത്യമായ മുന്നൊരുക്കംവേണമെന്ന കണക്കുകൂട്ടലിലാണ് ഫൈസല്‍ ഡമ്മി ബാഗ് പരീക്ഷിച്ചത്. വിമാനത്താവളങ്ങളിലെ സ്കാനറില്‍ പിടിക്കപ്പെടാത്തവിധം യു.എ.ഇ.യുടെ വ്യാജമുദ്രയും സ്റ്റിക്കറും നിര്‍മിച്ച ഫൈസല്‍ ഇതെല്ലാം ഡമ്മി ബാഗുകളില്‍ രേഖപ്പെടുത്തിയിരുന്നു. വ്യാജമുദ്രയുള്ള ഡമ്മി ബാഗ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തെത്തിക്കാന്‍ കഴിഞ്ഞതോടെ ഫൈസലിനും സംഘത്തിനും ആത്മവിശ്വാസം ഏറുകയായിരുന്നു.

പരീക്ഷണം വിജയിച്ചതോടെ ചെറിയതോതില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് സംഘം ആദ്യം കടത്തിയത്. ഓരോ തവണയും വ്യാജമുദ്ര ഉപയോഗിച്ചുള്ള ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞതോടെ കടത്തലിന്റെ തോതും കൂടി. നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വപ്നയും സംഘവും ഇരുപതിലേറെ തവണ സ്വര്‍ണം കടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇയുടെ അന്വേഷണത്തിനും ഫൈസല്‍ ഫരീദിന്‍റെ മൊഴി നിര്‍ണായകമാണ്. രണ്ട് രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റ കരാര്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് ഉടന്‍ വിട്ടുകിട്ടുമെന്ന് പറയാനാവില്ല. യു.എ.ഇയുടെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമായിരിക്കും കൈമാറ്റം. ഫൈസലിന് പുറമെ കുറ്റകൃത്യത്തില്‍ യു.എ.ഇയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.