തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യും. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. വകുപ്പ്തല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടിലെ മറ്റു വിവരങ്ങള്‍ പരിശോധിച്ചശേഷം അടുത്ത നടപടികളിലേക്ക് കടക്കും. ഓള്‍ ഇന്ത്യാ സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.