വിയറ്റ്നാം: ഗര്‍ഭനിരോധനത്തിനായി പൊതുവെ സ്ത്രീകള്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് കോപ്പര്‍ ടി. ഇത്തരത്തില്‍ അമ്മ ഗര്‍ഭനിരോധനത്തിനായി നിക്ഷേപിച്ച കോപ്പര്‍ ടിയുമായി പ്രസവിച്ച നവജാത ശിശുവിന്റേ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. വടക്കന്‍ വിയറ്റ്നാമിനെ ഹായ്പോങ്ങ് നഗരത്തിലെ ഹായ്പോങ്ങ് ഇന്റര്‍നാഷണല്‍ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ചിത്രത്തില്‍ കറുപ്പും മഞ്ഞയും കലര്‍ന്ന കോപ്പര്‍ ടിയാണ് കുഞ്ഞ് ഇടതുകൈയില്‍ പിടിച്ചിരിക്കുന്നത്.

രണ്ടുവര്‍ഷം മുന്‍പാണ് 34കാരി ഗര്‍ഭനിരോധന ഉപാധി എന്ന നിലയില്‍ കോപ്പര്‍ ടി നിക്ഷേപിച്ചത്. എന്നാല്‍ ഇത് പരാജയപ്പെട്ടുവെന്ന് ഗര്‍ഭിണിയായപ്പോഴാണ് മനസ്സിലായത്. നിക്ഷേപിച്ചതിനുശേഷം കോപ്പര്‍ ടിക്ക് സ്ഥാനചലനമുണ്ടായതുകൊണ്ടാകാം യുവതി ഗര്‍ഭം ധരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കൈയില്‍ കോപ്പര്‍ ടിയും പിടിച്ചാണ് കുഞ്ഞ് പുറത്തേക്ക് വന്നതെന്നും അസാധാരണമായി തോന്നിയതുകൊണ്ടാണ് ചിത്രമെടുക്കാമെന്ന് വിചാരിച്ചതെന്നും ഡോക്ടര്‍ പറയുന്നു.