വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലും സ്റ്റുവര്‍ട്ട് ബ്രോഡിന് അവസരം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍ വുഡ്. ആദ്യ ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് അവസരം ലഭിച്ചിരുന്നില്ല. ടെസ്റ്റ് പരമ്ബരയിലെ രണ്ടാമത്തെ മത്സരം ജൂലൈ 16ന് തുടങ്ങാനിരിക്കെയാണ് ഇംഗ്ലണ്ട് പരിശീലകന്റെ പ്രതികരണം. പരമ്ബരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് 4 വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ അഭാവത്തില്‍ മാര്‍ക്ക് വുഡ്, ജോഫ്രെ ആര്‍ച്ചറി, ജിമ്മി ആന്‍ഡേഴ്സണ്‍ എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാരായി ടീമില്‍ ഇടം നേടിയത്.
അതെ സമയം കഴിഞ്ഞ വര്‍ഷം മുഴുവന്‍ പരിക്കിന്റെ പിടിയിലായ ജിമ്മി ആന്‍ഡേഴ്സണ് വിശ്രമം നല്‍കാനുള്ള സാധ്യതയുമുണ്ട്. കൂടാതെ മൂന്നാം ഫാസ്റ്റ് ബൗളറായി ടീമില്‍ ഇടം നേടിയ മാര്‍ക്ക് വുഡ് വെറും 2 വിക്കറ്റ് മാത്രമാണ് ആദ്യ ടെസ്റ്റില്‍ വീഴ്ത്തിയത്. ആദ്യ ടെസ്റ്റില്‍ ടീമില്‍ ഇടം നേടാനാവാതെ പോയതില്‍ നിരാശയും ദേഷ്യവും ഉണ്ടെന്ന് നേരത്തെ സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞിരുന്നു. ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം സ്ഥാനത്താണ്.