ഹൈദരാബാദ്: തെലങ്കാന രാജ്ഭവനിലെ 48 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ടാണ് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നത്.

കഴിഞ്ഞ ദിവസം സുരക്ഷാ ഡ്യൂട്ടിയിലുള്ള ചില പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ ഏതാനും പേര്‍ക്ക് സമ്ബര്‍ക്കപട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി കൊവിഡ് പരിശോധന നടത്തിയിരുന്നു. 395 പരിശോധനകളാണ് നടത്തിയത്. അതില്‍ 347 എണ്ണം നെഗറ്റീവ് ആയെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നു. അതില്‍ 28 പേര്‍ പോലിസ് ഉദ്യോഗസ്ഥരാണ്. അവരെ ഉടന്‍ ഐസൊലേഷനിലേക്ക് അയച്ചു.

10 രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥരുടെ 10 കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഈ ഇരുപതും പേരെയും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്ഭവനില്‍ രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഗവര്‍ണര്‍ക്കും പരിശോധന നടത്തിയിരുന്നു. അവരുടെ പരിശോധനാഫലം നെഗറ്റീവാണ്.